vijayaraghavan-chennithal

തിരുവനന്തപുരം: കോൺഗ്രസ് തങ്ങളുടെ പ്രചരണജാഥ വഴി ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ബിജെപി ഉപയോഗിക്കുന്നതും ഇതേ വർഗീയ അജണ്ടയാണെന്ന് വിജയരാഘവൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കോൺഗ്രസ് നേതാവ് കെ സുധാകരന്റെ പ്രസ്‌താവന അത്യന്തം ഹീനമാണെന്ന് വിജയരാഘവൻ വിമർശിച്ചു. പാർലമെന്റ് അംഗം കൂടിയായ സുധാകരന്റെ പ്രസ്‌താവനയോടുള്ള നിലപാട് കോൺഗ്രസ് പാർട്ടി വ്യക്തമാക്കണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.

ശബരിമല വിഷയം സുപ്രീം കോടതിയുടെ വിശാലബെഞ്ചിന്റെ തീരുമാനത്തിലാണ്. ആ വിധിയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. എല്ലാവരും കൂടിയാലോചിച്ചെടുക്കേണ്ട തീരുമാനത്തിൽ, നിയമം നിർമ്മിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. ഭരണഘടനയെ കുറിച്ച് അറിയുന്ന ഒരാൾക്ക് ഇത് അസാദ്ധ്യമാണെന്ന് വിജയരാഘവൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിപുലമായ പ്രചരണപരിപാടികൾ ആരംഭിക്കാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ടെന്ന് എൽഡിഎഫ് കൺവീനർ അറിയിച്ചു. ഫെബ്രുവരി 13ന് കാസർകോഡ് നിന്ന് ആരംഭിക്കുന്ന ആദ്യ ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സിപിഎം ജനറൽ സെക്രട്ടറി ഡി. രാജ ഉദ്‌ഘാടനം ചെയ്യുന്ന രണ്ടാമത്തെ ജാഥ എറണാകുളത്ത് നിന്ന് ആരംഭിക്കും. രണ്ട് ജാഥകളും ഫെബ്രുവരി 26ന് തിരുവനന്തപുരത്തായിരിക്കും സമാപിക്കുക.