
ചെന്നൈ: അടച്ചിട്ട മുറിയിൽ ഒരു സ്ത്രീയെയും പുരുഷനെയും ഒരുമിച്ചു കണ്ടാൽ അതിനെ അനാശാസ്യമായി അനുമാനിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. സമൂഹത്തിൽ ഇത്തരത്തിലുള്ള അനുമാനം നിലനിൽക്കുന്നുണ്ടാകാം. എന്നാൽ അതിന്റെ ചുവടു പിടിച്ച് ശിക്ഷ നൽകാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. സായുധ റിസർവ് പൊലീസ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നിർണായക ഉത്തരവ്.
1998ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കെ. ശരവണ ബാബു എന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ ക്വാട്ടേഴ്സിൽ വനിതാ കോൺസ്റ്റബിളിനൊപ്പം കണ്ടതോടെ അവിഹിത ബന്ധം ആരോപിച്ച് പ്രാദേശിക വാസികൾ രംഗത്ത് എത്തി. സംഭവം വിവാദമായതോടെ ബാബുവിനെ സർവീസിൽ നിന്ന് നീക്കം ചെയ്തു.
എന്നാൽ തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന വനിതാ കോൺസ്റ്റബിൾ അവരുടെ വീടിന്റെ താക്കോൽ വാങ്ങിക്കാനായി എത്തിയതാണെന്നും അവർ മുറിയിൽ പ്രവേശിച്ചതോടെ ആരോ വാതിൽ പുറമേ നിന്നു പൂട്ടുകയായിരുന്നുവെന്നാണ് ബാബുവിന്റെ വാദം. അതേസമയം, കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് നീക്കിയ നടപടി ജസ്റ്റിസ് ആർ.സുരേഷ് കുമാർ റദ്ദാക്കി.