gas

കൊച്ചി: ഒരു വർഷം പിന്നിട്ട കൊവിഡ് മഹാമാരിയിൽ കുടുംബ ബഡ്‌ജറ്റിന്റെ താളം തെറ്റിയുഴലുന്ന സാധാരണക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കി ഇന്ധനവില കത്തിക്കയറുന്നു. നിത്യേനയെന്നോണമുള്ള പെട്രോൾ, ഡീസൽ വില വർദ്ധനയ്ക്കൊപ്പം ഗാ‌ർഹിക, വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് വിലയും ഇന്നലെ കൂട്ടി. ഗാർഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യത്തിന് 185 രൂപയുമാണ് കൂട്ടിയത്. ഗാർഹിക സിലിണ്ടർ വില ഡിസംബറിൽ ഒറ്റയടിക്ക് 100 രൂപ കൂട്ടിയിരുന്നു.

ഏഴ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വിലയും ഇന്നലെ കൂടി. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 20 പൈസ വർദ്ധിച്ച് 88.83 രൂപയായി. 23 പൈസ വർദ്ധിച്ച് 82.65 രൂപയാണ് ഡീസൽ വില. രണ്ടും സർവകാല റെക്കാഡാണ്.

ഗാർഹിക പാചകവാതക വില കൊച്ചിയിൽ 726 രൂപയായി. തിരുവനന്തപുരത്ത് 728.5 രൂപയും. ജൂണിൽ 597 രൂപയായിരുന്നതാണ്. വാണിജ്യ സിലിണ്ടറിന് തിരുവനന്തപുരത്ത് 1,538 രൂപയാണ് വില.

14.2 കിലോയുടെ 12 സിലിണ്ടറുകളാണ് വീട്ടാവശ്യത്തിന് സബ്സിഡി നിരക്കിൽ ലഭിച്ചിരുന്നത്. വില കുറഞ്ഞപ്പോൾ, കഴിഞ്ഞ സെപ്‌തംബറിൽ സബ്സിഡി എടുത്തുകളഞ്ഞു. വില കൂടുമ്പോൾ പുനഃസ്ഥാപിക്കാമെന്ന വാഗ്ദാനം വെറുതേയായി.

ഗ്യാസ് വിലകയറ്റം

(14.2 കിലോ തിരുവനന്തപുരം)

2020 ജൂൺ : ₹600

ജൂലായ് : 603.5

ഡിസംബർ : 703.5

2021 ഫെബ്രുവരി : 728.5

ഇന്ധനക്കുതിപ്പ്

 പെട്രോൾ (തിരുവനന്തപുരം)

2020 ഏപ്രിൽ : ₹72.99

ജൂലായ് : 82.15

ഡിസംബർ : 84.34

2021 ജനുവരി : 85.72

ഫെബ്രുവരി : 88.53

 ഡീസൽ

2020 ഏപ്രിൽ : ₹67.19

ജൂലായ് : 77.70

ഡിസംബർ : 78.12

2021 ജനുവരി : 79.65

ഫെബ്രുവരി : 82.65

എന്തുകൊണ്ട് വിലക്കയറ്റം

1. ഏപ്രിലിൽ ബാരലിന് 16 ഡോളറായിരുന്ന ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽച്ചെലവ് ഇന്നലെ ബാരലിന് 56.11

2. ഉത്പാദനം കുറയുകയും ഡിമാൻഡ് കൂടുകയും ചെയ്‌തതിനാൽ ക്രൂഡോയിൽ, ബ്രെന്റ് ക്രൂഡ് വില ഉയരുന്നു

3. ഡോളറിനെതിരായ രൂപയുടെ മൂല്യത്തിലെ വ്യതിയാനം

വില കുറയാൻ

നികുതി കുറയണം

ഇന്ധനവില കുറയണമെങ്കിൽ എക്‌സൈസ് നികുതി കുറയ്ക്കണം. 2014ൽ മോദി സർക്കാർ അധികാരത്തിലേറുമ്പോൾ പെട്രോളിന് എക്‌സൈസ് നികുതി ലിറ്ററിന് 9.48 രൂപയായിരുന്നു. ഇപ്പോൾ 32.98 രൂപ. ഡീസലിന് 3.56 രൂപയായിരുന്നത് 31.83ലെത്തി. ബഡ്‌ജറ്റിൽ എക്‌സൈസ് നികുതി കുറച്ചെങ്കിലും ആനുപാതികമായി കാർഷിക സെസ് ഏർപ്പെടുത്തിയതിനാൽ വില മാറിയില്ല. പെട്രോൾ വിലയിൽ 39%, ഡീസലിൽ 42.5% നികുതിയാണ്.

1.96 ലക്ഷം കോടി

വരുമാനം

നടപ്പുവർഷം ഏപ്രിൽ-നവംബറിൽ പെട്രോൾ, ഡീസൽ എക്‌സൈസ് നികുതിയിലൂടെ കേന്ദ്രം നേടിയത് 1.96 ലക്ഷം കോടിയുടെ റെക്കാഡ് വരുമാനം