sorts-council

തിരുവനന്തപുരം : അഞ്ചുവർഷം മുമ്പു നടന്ന ദേശീയ ഗെയിംസിൽ കേരളത്തിനായി മെഡൽ നേടിയവർ വാഗ്ദാനം ചെയ്യപ്പെട്ട സർക്കാർ ജോലിക്കായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുമ്പോൾ താത്കാലിക നിയമനം നടത്തിയവരെ സ്ഥിരപ്പെടുത്താനും പുതിയ താത്കാലികക്കാരെ തിരുകിക്കയറ്റാനുമുള്ള ശ്രമത്തിലാണ് സംസ്ഥാന സ്പോർട്സ് കൗൺസിലും സ്പോർട്സ് ഡയറക്ടേറ്റും.

2015ൽ കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസിൽ മെഡൽ നേടിയ എല്ലാപേർക്കും ജോലി നൽകുമെന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വാക്കുനൽകിയിരുന്നു.അതിനുള്ള നടപടി തുടങ്ങിവച്ചപ്പോഴേക്കും സർക്കാർ മാറി. തുടർന്ന് പിണറായി സർക്കാർ വ്യക്തിഗത ഇനങ്ങളിൽ സ്വർണം,വെള്ളി,വെങ്കല മെഡലുകൾ നേടിയവർക്കും ടീമിനത്തിൽ സ്വർണം നേടിയവർക്കും നാലരക്കൊല്ലം കൊണ്ട് ജോലി നൽകി. ടീമിനത്തിൽ വെള്ളി,വെങ്കലമെഡലുകൾ നേടിയ 83 പേർക്കാണ് ഇനി ജോലി ലഭിക്കാനുള്ളത്. ഇവരിൽ നാൽപ്പതോളം പേർ അല്ലാതെതന്നെ സർക്കാർ സർവീസിലുണ്ട്. ബാക്കിയുള്ളവരാണ് സർക്കാരിന്റെ വാഗ്ദാനം നടപ്പിലാക്കിക്കിട്ടാനായി കഴിഞ്ഞ 26 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നത്.ഇവരോട് ചർച്ച നടത്താൻ പോലും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ള.

തങ്ങളുടെ നിയമനഫയൽ ധനകാര്യവകുപ്പ് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് സമരക്കാർ പറയുന്നത്. സൂപ്പർ ന്യൂമററിയായി തസ്തികകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ച കാര്യത്തിൽ അനാവശ്യ ക്വറികൾ ഇട്ട് ഫയൽ വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. സമരത്തിന്റെ ആദ്യ നാളുകളിൽ ധനകാര്യമന്ത്രിയെ സെക്രട്ടറിയേറ്റിനരികിൽ വച്ച് കണ്ട സമരക്കാർ തങ്ങളുടെ പരാതി ഉന്നയിച്ചപ്പോൾ എല്ലാം ശരിയാക്കാം എന്ന് ഉറപ്പുനൽകിയെങ്കിലും ഫയലിന് അനക്കം വച്ചതേയില്ല.

അതേസമയം സ്പോർട്സ് കൗൺസിലിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ ഉൗർജിതമായി നടക്കുകയാണ്. കൗൺസിലിലെ നിയമനങ്ങൾ പകുതിയും കായിക താരങ്ങൾക്കായി മാറ്റിവയ്ക്കണമെന്നും ബാക്കി പി.എസ്.എസിക്ക് വിടണമെന്നും സ്പോർട്സ് ആക്ടിൽ നിഷ്കർഷിക്കുമ്പോഴും മാറിമാറിവരുന്ന ഭരണക്കാർ തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് താത്കാലികനിയമനം നൽകുകയും വീണ്ടും അധികാരത്തിൽ എത്തുമ്പോൾ പത്തുവർഷം പൂർത്തിയാവുന്ന മുറയ്ക്ക് സ്ഥിരമാക്കുകയുമാണ് പതിവ്.നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ ആവശ്യമായ സ്പെഷ്യൽ റൂൾസ് തയ്യാറാക്കാൻ പത്തുവർഷത്തോളമായിട്ടും കഴിഞ്ഞിട്ടില്ല എന്ന വിരോധാഭാസവുമുണ്ട്.

കൗൺസിലിലെ താത്കാലികക്കാരിൽ കായിക രംഗത്തുനിന്നുള്ളവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. മറ്റുള്ളവരെക്കുറിച്ച് അന്വേഷിച്ചുചെല്ലുമ്പോൾ രാഷ്ട്രീയ ബന്ധുത്വം കണ്ടെത്താനുമാകും. ജീവനക്കാരുടെ കുടുംബത്തിലുള്ളവർക്ക് ജോലി നൽകുന്ന രീതിയും ഇവിടെയുണ്ട്. കുറച്ചുനാൾ മുമ്പ് ഒരു ഉന്നത നേതാവിന്റെ ശുപാർശയിൽ താത്കാലിക്കാരിയായെത്തിയ ആളുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയപ്പോൾ ജോലിയിൽ നിന്ന് ഒഴിവാക്കി തടിയൂരിയിരുന്നു. ഈ തട്ടിപ്പ് പൊലീസിലറിയിക്കാൻ പോലും കൗൺസിൽ തയ്യാറായില്ല. വേണ്ടത്ര വിദ്യാഭ്യാസയോഗ്യതയില്ലാത്തവരെ ഉയർന്ന പദവികളിൽ നിയമിച്ചതായ ആക്ഷേപവുമുണ്ട്.ഇവർക്കെതി​രെ ആരോപണങ്ങൾ ഉയർന്നപ്പോൾ ഉന്നതതല സമ്മർദ്ദം ചെലുത്തി​ അന്വേഷണം അട്ടി​മറി​ച്ചെന്നും അറി​യുന്നു.

അതിനാെപ്പമാണ് സ്പോർട്സ് ഡയറക്ടറേറ്റ് വിവിധ പദ്ധതികളിലായി താത്കാലിക്കാരെ നിയമിക്കുന്നത്. കഴിഞ്ഞ ദിവസം ഖേലോ ഇന്ത്യ പ്രോജക്ടിന്റെ പേരിൽ നിരവധി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തിയിരുന്നു. വിരമിച്ചവർക്ക് തട്ടകം നൽകാനും വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനുമായാണ് ഇന്റർവ്യൂ നടത്തിയെന്ന് ആരോപണമുണ്ട്.