
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ കുറിച്ച് വിലയിരുത്താൻ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം നൽകുന്നത് ആശങ്കപ്പെടുത്തുന്ന കണക്കുകൾ. കേരളത്തിൽ പ്രതിവാര ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാൾ വളരെയധികം കൂടുതലാണെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. ഓരോ ആഴ്‌ചയിലെ കണക്കിൽ രാജ്യത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 1.82 ശതമാനം മാത്രമാണ്. എന്നാൽ കേരളത്തിൽ ഇത് 11.2 ശതമാനമാണ്. ഇന്ത്യയിലാകെ 70 ശതമാനം രോഗവും റിപ്പോർട്ട് ചെയ്യുന്നത് കേരളം, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.
സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയ കേന്ദ്രസംഘം ആരോഗ്യമേഖലയിലെ പ്രമുഖരുമായും സർക്കാരുമായും ചർച്ച നടത്തി. പ്രതിദിന രോഗം റിപ്പോർട്ട് ചെയ്യുന്നതിലും കേരളവും മഹാരാഷ്‌ട്രവുമാണ് മുന്നിൽ. മറ്റ് സംസ്ഥാനങ്ങളിലെ കണക്കെടുത്താൽ രാജ്യത്ത് രോഗം കുറയുകയാണ്.കേരളമടക്കം എട്ട് സംസ്ഥാനങ്ങളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. ഇതിൽ 44.8 ശതമാനം രോഗികൾ കേരളത്തിലാണ് ഏതാണ്ട് ആകെ നിരക്കിന്റെ പകുതിക്കടുത്തോളം.
രാജ്യത്ത് വാക്‌സിൻ സ്വീകരിച്ച 97.38 ശതമാനം പേരും വാക്‌സിനേഷൻ പ്രക്രിയയിൽ തൃപ്‌തി രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചത് മദ്ധ്യപ്രദേശിലാണ് 73.6 ശതമാനം. കേരളത്തിൽ 57.9 ശതമാനമാണ് നിരക്ക്. സംസ്ഥാനങ്ങളിൽ ഏഴാമതാണ് കേരളം. ഏറ്റവും കുറവ് വാക്‌സിനേഷൻ നിരക്ക് പുതുച്ചേരിയിലാണ്. കേന്ദ്ര സംഘത്തിൽ ആരോഗ്യമന്ത്രാലയ പ്രതിനിധി ഡോ.രുചി ജെയിൻ, ഡോ.രവീന്ദ്രൻ എന്നിവരാണുളളത്. നാളെ കോട്ടയത്തും കോഴിക്കോടുമാണ് സംഘം സന്ദർശനം നടത്തുക.