
വാഷിംഗ്ടൺ: സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയെന്ന് അമേരിക്ക. ഇന്ത്യയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം. അതേസമയം, കാർഷിക പരിഷ്കാരങ്ങൾ ഇന്ത്യൻ വിപണിയെ കാര്യക്ഷമമാക്കുമെന്നും അമേരിക്ക കൂട്ടിച്ചേർത്തു. കാർഷിക പ്രക്ഷോഭത്തിന് പിന്തുണയുമായി അമേരിക്കയിലെ നിരവധി പ്രമുഖർ രംഗത്തെത്തി. ഇന്ത്യയിലെ കർഷകർക്കെതിരെയുള്ള നടപടിക്കെതിരെ അമേരിക്കൻ കോൺഗ്രസ് അംഗം ഹാലി സ്റ്റീവൻസ് പ്രതികരിച്ചു. ഇന്ത്യയിലുടനീളമുള്ള കർഷകരുടെ ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും തടവിലാക്കിയവരെ മോചിപ്പിക്കണമെന്നും യു.എസ് കോണ്‍ഗ്രസ് അംഗം ഇൽഹാൻ ഉമർ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, കാർഷിക നിയമങ്ങളുടെ പേരിൽ കേന്ദ്രവും കർഷകരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുമ്പോൾ പുതിയ കർഷക നിയമങ്ങളിൽ ഇന്ത്യൻ സർക്കാരിനെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തി. കർഷകരും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും സമരങ്ങൾ സമാധാനപരമായിരിക്കണമെന്നും യുഎസ് സ്റ്റേറ്റ് വക്താവ് പറഞ്ഞു..
കാർഷിക മേഖലയിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്ന ഇന്ത്യയുടെ നിയമ പരിഷ്കാരത്തിന് അമേരിക്ക പൂർണ പിന്തുണ അറിയിച്ചു. ഇത് ഇന്ത്യൻ വിപണിയ്ക്ക് ഗുണകരമാണെന്നും വലിയതോതിലുള്ള വിദേശ നിക്ഷേപം ആകർഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു..
ഭീഷണിയിൽപേടിക്കില്ല: ഇപ്പോഴും കർഷകർക്കൊപ്പം ഗ്രേറ്റ
ഭീഷണിയിൽപേടിക്കില്ലെന്നും ഇപ്പോഴും കർഷകർക്കൊപ്പമാണ് താനെന്നും സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബർഗ്.. ഇന്ത്യയിലെ കർഷക സമരത്തെ പിൻതുണച്ചതിന് ഡൽഹി പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് ഗ്രേറ്റയുടെ പ്രതികരണം.. ക്രിമിനൽ ഗൂഡാലോചനയും സംഘങ്ങൾക്കിടയിൽ ശത്രുത വളർത്താനുള്ള ശ്രമവും അരോപിച്ചാണ് ഗ്രേറ്റയ്ക്കെതിരെ കേസെടുത്തത്..
സമരത്തെ പിന്തുണച്ചുള്ള ഗ്രേറ്റയുടെ ട്വിറ്ററുകൾ ചർച്ചയായിരുന്നു.. ഗ്രേറ്റയ്ക്കെതിരെ പൊലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തിയതായും എന്നാൽ അതിൽ ഗ്രേറ്റയെ പ്രതിചേർത്തിട്ടില്ലെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു..
ഞാൻ ഇപ്പോഴും കർഷകരുടെ സമാധാന സമരത്തിനൊപ്പം നിൽക്കുന്നു.. വെറുപ്പ്, ഭീഷണി, മനുഷ്യാവകാശങ്ങളുടെ ലംഘനം എന്നിവയെയും ഇതിൽ മാറ്റമുണ്ടാക്കില്ല.. ഗ്രേറ്റ ട്വിറ്ററിൽകുറിച്ചു