badauria

ബെംഗളൂരു : അതിർത്തിയിലെ ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി വ്യോമസേനാ മേധാവി ആർ.കെ.എസ് ബദൗരിയ. ബംഗളൂരുവിലെ എയ്റോ ഇന്ത്യ ഷോയ്ക്കിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയിലെ ചൈനയുടെ വെല്ലുവിളി നേരിയാൻ ഇന്ത്യ വേണ്ടത്ര വിന്യാസങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ എത്തിയതോടെ ചൈനീസ് ക്യാമ്പുകളിൽ ആശങ്ക പടർന്നുവെന്നും ഇതിനെത്തുടർന്ന് ചൈന ജെ -20 യുദ്ധവിമാനങ്ങളെ അതിർത്തിയിൽ വിന്യസിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശബ്ദത്തിന്റെ ഇരട്ടിയോളം വേഗതയിൽ കുതിക്കുന്ന റഫേൽ ഞൊടിയിടയിൽ ശത്രു പ്രദേശത്ത് ആക്രമിക്കാനുള്ള കഴിവാണ് ചൈനയെ അസ്വസ്ഥരാക്കുന്നത്.

“അതിർത്തിയിലെ പ്രശ്നങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. ചർച്ചയിൽ സംഘർഷത്തിന് അയവു വരുന്ന തീരുമാനങ്ങൾ ഉണ്ടായാൽ നല്ലത്. അഥവാ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ അതിനെ നേരിടാനും ഇന്ത്യ പൂർണമായും സജ്ജമാണ്.“ അദ്ദേഹം പറഞ്ഞു. ചൈനീസ് നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും അതിനനുസരിച്ച് അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തെ വിന്യസിക്കുകയും പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ ബജറ്റിന്റെ മൂലധന വിഹിതം വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു.