
ബംഗളൂരു: ഇന്ത്യൻ മഹാസമുദ്രമേഖലയിലെ രാജ്യങ്ങൾക്ക് ആയുധങ്ങൾ നൽകാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ആയുധ ഇറക്കുമതിയിൽ നിന്നും ആയുധ വിതരണക്കാരുടെ ഗണത്തിലേക്ക് രാജ്യം മാറുന്നതിന്റെ മുന്നോടിയായാണിത്. ബംഗളൂരുവിൽ എയ്റോ ഇന്ത്യ 2021 ന്റെ ഭാഗമായി ഇന്ത്യൻ ഓഷ്യൻ റീജിയൺ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റുകളും ഹെലികോപ്ടറുകളും ടാങ്കുകളും മിസൈലുകളും തോക്കുകളും സുഹൃദ് രാജ്യങ്ങൾക്ക് വിതരണം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ രാജ്യങ്ങൾക്ക് പൊതുവായ വളർച്ചയും സ്ഥിരതയും പരസ്പരം ക്രിയാത്മക ഇടപെടലും ഉണ്ടാകണമെന്നാണ് ഇന്ത്യയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം വിശദീകരിച്ചു. ഈ രാജ്യങ്ങൾ നേരിടുന്ന ഭീഷണിയും വെല്ലുവിളിയും മറികടക്കാൻ പൊതുവായ പരിശ്രമവും വിപുലമായ ഇടപെടലും ആവശ്യമാണ്.
ഇന്ത്യയിലെ വ്യോമയാന, പ്രതിരോധ മേഖലകളിൽ പുതിയ ടെക്നോളജികൾ വികസിപ്പിക്കാൻ പൊതു, സ്വകാര്യ കമ്പനികൾ മുന്നിലെത്തിയതായി സിംഗ് ചൂണ്ടിക്കാട്ടി.
ഐ.ഒ.ആർ രാജ്യങ്ങൾ തമ്മിലുളള വ്യാപാരവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പ്രൊജക്ട് മൗസം, സാഗർമാല, ഏഷ്യ ആഫ്രിക്ക ഗ്രോത്ത് കോറിഡോർ തുടങ്ങിയ പദ്ധതികൾ ഇന്ത്യ മുന്നോട്ടുവച്ചതെന്ന് സിംഗ് പറഞ്ഞു.
മേഖലയിലെ മാനുഷിക സഹായങ്ങൾക്കും ഇന്ത്യ ഒന്നാമതാണെന്ന് രാജ്നാഥ് സിംഗ് ഓർമ്മിപ്പിച്ചു.
ഇന്ത്യൻ ഓഷ്യൻ റീജിയണിലെ 28 രാജ്യങ്ങളിൽ 27 ഉം പരിപാടിയിൽ പങ്കെടുത്തിരുന്നു. ഒരുമിച്ച് പ്രവർത്തിക്കാനുളള രാജ്യങ്ങളുടെ താൽപര്യമാണ് വിപുലമായ പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.