
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ കർഷക സമരത്തിന് പിന്തുണ വർദ്ധിച്ച സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരംഭിച്ച (#india together) ഇന്ത്യ ഒറ്റക്കെട്ട്' എന്ന പ്രചാരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രശസ്ത ചലച്ചിത്ര - കായിക താരങ്ങൾ. കർഷകരെ പുകഴ്ത്തിയും കേന്ദ്ര സർക്കാരിനെ പിണക്കാതെയുമായിരുന്നു ട്വീറ്റുകൾ.
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കരൺ ജോഹർ, സുനിൽ ഷെട്ടി എന്നിവരും കായിക മേഖലയിൽ നിന്ന് വിരാട് കോഹ്‌ലി, സച്ചിൻ, കുംബ്ലെ, രോഹിത് ശർമ,അജിൻക്യ രഹാന, ഹാർദ്ദിക് പാണ്ട്യ തുടങ്ങിയവരും കേന്ദ്ര സർക്കാരിന് പിന്തുണയുമായി എത്തി. ഇന്ത്യയ്ക്കോ ഇന്ത്യൻ നയങ്ങൾക്കോ എതിരായ തെറ്റായ പ്രചാരണങ്ങളിൽ വീഴരുത്. എല്ലാ ആഭ്യന്തര കലഹങ്ങളും മാറ്റിവച്ച് ഐക്യത്തോടെ നിൽക്കേണ്ടത് പ്രധാനമാണ്. രാജ്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് കർഷകർ. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പ്രകടമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവച്ച് അക്ഷയ്കുമാർ ട്വീറ്റ് ചെയ്തു.
പ്രക്ഷുബ്ധമായ കാലത്താണ് നാം ജീവിക്കുന്നത്. ഓരോ സമയത്തും വിവേകവും ക്ഷമയും ആവശ്യമാണ്. പരിഹാരം കണ്ടെത്താൻ ഒരുമിച്ച് ശ്രമിക്കാം. നമ്മളെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കരുതെന്ന് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ വ്യക്തമാക്കി.
അഭിപ്രായ വ്യത്യാസങ്ങളുടെ ഈ മണിക്കൂറിൽ നമ്മളെല്ലാവരും ഐക്യത്തോടെ തുടരണം. കൃഷിക്കാർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ടുപോകാനും സൗഹാർദ്ദപരമായ പരിഹാരമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്ന് കോഹ്ലി ട്വീറ്റ് ചെയ്തു.
ഹർഭജൻ സിംഗും, മൻദീപ് സിംഗുമടക്കമുള്ള താരങ്ങൾ നേരത്തെ തന്നെ കർഷക സമരത്തെ തുറന്ന് പിന്തുണച്ചിരുന്നു. കേന്ദ്ര സർക്കാരിനെ പിന്തുണച്ച പ്രമുഖർക്കെതിരെ നടി തപ്സി പന്നു രംഗത്ത് വന്നിരുന്നു. അതേസമയം, ഇന്ത്യയുടെ പരമാധികാരത്തിൽ ഇടപെടരുതെന്ന് ട്വീറ്റ് ചെയ്ത സച്ചിൻ ടെൻഡുൽക്കർക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്