
കൊച്ചി: സ്വർണക്കടത്തിൽ നിന്നുമുള്ള പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായോ തീവ്രവാദ പ്രവർത്തനം നടന്നതായോ പരാമർശിക്കാതെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. എന്നാൽ പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർത്തുവെന്നും അത് തീവ്രവാദ പ്രവർത്തനമാണെന്നും എൻഐഎ തങ്ങളുടെ കുറ്റപത്രത്തിൽ പറയുന്നുണ്ട്.
സ്വർണക്കടത്ത് കണ്ടെത്തിയതിനെ തുടർന്ന് കേസിൽ രാജ്യവിരുദ്ധ പ്രവർത്തനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിക്കൊണ്ടാണ് ഏജൻസി കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്. സ്വർണം ഇറക്കുമതി ചെയ്തതോടെ വലിയ തോതിൽ പണം നേടുകയും അതിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ പ്രതികൾ നടത്തിയെന്ന് മനസിലാക്കിയതായും എൻഐഎ വാദിച്ചിരുന്നു.
ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ഏജൻസി അന്ന് പറഞ്ഞു. ഇത്തരത്തിൽ അന്വേഷണം നടത്തുന്നതിന് വിവിധ കാരണങ്ങളും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമ്പോൾ ഇത്തരത്തിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനു തെളിവുകൾ കണ്ടെത്താനോ അവ ഹാജരാക്കാനോ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് മനസിലാകുന്നത്. വിവിധ വിമാനത്താവളങ്ങൾ വഴി എത്തിച്ചേർന്ന സ്വർണം ആരൊക്കെ വാങ്ങിയെന്നത് സംബന്ധിച്ചോ എവിടേക്ക് കൊണ്ടുപോയി എന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങളും കോടതിക്ക് നൽകാൻ എൻഐഎക്ക് സാധിച്ചിട്ടില്ല.