rihanna

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കതിരെയുള്ള കർഷകരുടെ സമരത്തെ പിന്താങ്ങിയ അമേരിക്കൻ പോപ്പ് ഗായിക റിഹാനയെ വൻതോതിൽ വിമർശിക്കുകയാണ് രാജ്യത്തെ വലതുപക്ഷാഭിമുഖ്യമുള്ള സോഷ്യൽ മീഡിയാ യൂസേഴ്സ്. തന്റെ അഭിപ്രായം പ്രകടമാക്കിയ ഗായികയ്‌ക്കെതിരെ വൻ തോതിലുള്ള ട്രോളുകളും പരിഹാസങ്ങളുമാണ് ഇവർ സോഷ്യൽ മീഡിയ വഴി അഴിച്ചുവിടുന്നത്. ഇതിന്റെ കൂട്ടത്തിൽ റിഹാന 'പാകിസ്ഥാന്റെ' ദേശീയ പതാക വിടർത്തിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രവും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.

rihanna1

തിങ്ങിനിറഞ്ഞ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നുകൊണ്ട് സൺഗ്ളാസ്‌ ധരിച്ച ഗായിക ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതായി കാണുന്ന ചിത്രം പ്രചരിപ്പിച്ചുകൊണ്ട് റിഹാന പാകിസ്ഥാൻ അനുകൂലിയാണെന്ന് സ്ഥാപിക്കാനാണ് വലതുപക്ഷ, തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയാ ഹാൻഡിലുകൾ ശ്രമിക്കുന്നത്. ഈ ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നിൽ സംഘ്പരിവാർ, ബിജെപി അനുകൂലികളുമുണ്ട്. ഉത്തർപ്രദേശിലെ ബിജെപി വക്താവായ ശലഭ് മാനി ത്രിപാഠി ഇവരിൽ ഒരാളാണ്.

She looks so good!
Rihanna at the Cricket World Cup in England. 🏏 pic.twitter.com/t6klp9p8KQ

— Fenty Nation (@FENTYNATION_) July 1, 2019

യുപിയിലെ ബിജെപി/യുവമോർച്ച പ്രവർത്തകനായ അഭിഷേക് പങ്കുവച്ച ചിത്രം ത്രിപാഠി റീട്വീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ റിഹാന പാകിസ്ഥാൻ കൊടിയേന്തി നിൽക്കുന്ന ഈ ചിത്രം പൂർണമായും വ്യാജമായി സൃഷ്ടിച്ചെടുത്തതാണെന്നതാണ് വസ്തുത. സെർച്ച് എഞ്ചിനിലെ ഒരു സാധാരണ റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെ തന്നെ ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്താൻ സാധിക്കും. സത്യത്തിൽ, വെസ്റ്റ് ഇൻഡീസിന്റെ കൊടിയാണ് ഗായിക കൈയ്യിലേന്തി നിൽക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാകുകയും ചെയ്യും.

Look who's at #SLvWI to Rally 'round the West Indies!

Watch out for @rihanna's new single, Shut Up And Cover Drive 😉🎶 #CWC19 | #MenInMaroon pic.twitter.com/cou1V0P7Zj

— ICC (@ICC) July 1, 2019

2019ൽ ഇംഗ്ലണ്ടിലെ ഡർഹാമിൽ വച്ച് നടന്ന ഐസിസി ലോകകപ്പ് മത്സരത്തിൽ വച്ചാണ് ഈ ചിത്രം പകർത്തപ്പെട്ടത്. ചിത്രമെടുത്ത ദിവസം വെസ്റ്റ് ഇൻഡീസും ശ്രീ ലങ്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരമായിരുന്നു നടന്നതെന്നും ഇപ്പോൾ വ്യക്തമായിട്ടുണ്ട്. അവിടെ കളിക്കാനുണ്ടായിരുന്ന ടീമുകളിൽ പാകിസ്ഥാൻ ഉൾപ്പെട്ടിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

View this post on Instagram

A post shared by badgalriri (@badgalriri)


റിഹാന ഒറ്റയ്ക്കും ആരാധകർക്കൊപ്പവും വെസ്റ്റ് ഇൻഡീസ് പതാകയേന്തി നിൽക്കുന്ന നിരവധി ചിത്രങ്ങളും ലഭ്യമാണ്. മാത്രമല്ല, താൻ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ചിഹ്നം ആലേഖനം ചെയ്ത ഒരു തൊപ്പി ധരിച്ച ചിത്രം റിഹാന മത്സരം നടന്ന ദിവസം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ കർഷക സമരത്തിന് പിന്തുണ നൽകിയ ഗായികയെ പാകിസ്ഥാൻ അനുകൂലിയാക്കി ചിത്രീകരിക്കാൻ നടന്ന മനഃപ്പൂർവ്വമുള്ള ശ്രമമാണ് ഈ മോർഫ് ചെയ്ത ചിത്രമെന്നാണ് വ്യക്തമായിരിക്കുന്നത്.