krishnakumar

തിരുവനന്തപുരം: തന്നെ 'സംഘി' എന്ന് വിളിച്ച് കൊച്ചാക്കരുതെന്നും താൻ 'കട്ടസംഘി'യാണെന്നും നടനും ബിജെപിക്കാരനുമായ കൃഷ്ണകുമാർ. ഒരു സ്വകാര്യ മലയാളം വാർത്താ ചാനലിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയിലാണ് നടൻ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. നടനായ താൻ ബിജെപിയുടെ ഭാഗമായത് കാരണം കൂടുതൽ പേർ താൻ അഭിനയിക്കുന്ന സീരിയലുകളും സിനിമകളും കാണുമെന്നോ അല്ലെങ്കിൽ, താൻ വെറുക്കപ്പെടുമെന്നോ കരുതുന്നില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. കലയും രാഷ്ട്രീയവും രണ്ടായിട്ടാണ് കാണുന്നതെന്നും നടൻ പറയുന്നു.

'കോളേജിൽ പോകുന്ന സമയത്തൊക്കെ നമ്മൾ എബിവിപിയാണ്. അതിനു ശേഷം ബിജെപിയുടെ ട്രാക്കിലോട്ട് വന്നു. പക്ഷെ അന്നൊന്നും നമുക്ക് ഒരു 500, 1000 വോട്ട് പോലും കിട്ടാത്ത കാലമാണ്. അന്നും അതിന്റെ കൂടെ നിന്നു.'-കൃഷ്ണകുമാർ പറയുന്നു.കേന്ദ്രം ഭരിക്കുന്ന പാർട്ടിയോടൊപ്പം നിന്നാൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു നിലയിലുള്ള ആളല്ല താനെന്നും 'ഹീറോ ഹീറോയിൻ' എന്ന തലത്തിൽ നിൽക്കുന്ന ആളല്ല താനെന്നും നടൻ പറഞ്ഞു. സീരിയലിൽ അഭിനയിച്ചതിന് എന്തായാലും കേന്ദ്രത്തിൽ നിന്ന് അവാർഡൊന്നും കിട്ടാനില്ലെന്നും കൃഷ്ണകുമാർ തമാശരൂപേണ പറയുന്നു.

നടൻ കൃഷ്‌ണകുമാർ ഇന്നലെ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് കൃഷ്ണകുമാർ അംഗത്വം സ്വീകരിച്ചത്. ജനസേവനത്തിന് പദവികൾ സഹായകമാണെന്നും,​ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയാൽ സ്വീകരിക്കുമെന്നും കൃഷ്‌ണകുമാർ പറഞ്ഞിരുന്നു. ജെപി നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വേദിയിലുണ്ടായിരുന്നു.