
കൊച്ചി: റിസർവ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2021-22) അവസാന ധനനയം ഇന്നറിയാം. ധനനയ നിർണയ സമിതി (എം.പി.സി) യോഗത്തിന് ശേഷം ഇന്നുരാവിലെ 10ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ധനനയം പ്രഖ്യാപിക്കും.
ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ആറു ശതമാനത്തിനുമേൽ ആയിരുന്നതിനാലും ഭക്ഷ്യവിലപ്പെരുപ്പം ആശങ്കാജനകമായി ഉയർന്നതിനാലും കഴിഞ്ഞ യോഗങ്ങളിൽ എം.പി.സി പലിശനിരക്ക് പരിഷ്‌കരിച്ചിരുന്നില്ല. നാണയപ്പെരുപ്പം നാലു ശതമാനത്തിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.
എന്നാൽ, ഇത് ആറു ശതമാനം വരെ ഉയർന്നാലും പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക് സന്നദ്ധമാകും. ഡിസംബറിൽ ഇത് 4.59 ശതമാനമായിരുന്നു. നവംബറിലെ 6.93 ശതമാനത്തിൽ നിന്നാണ് കുത്തനെ കുറഞ്ഞത്. ഈ ട്രെൻഡ് കണക്കാക്കിയാൽ, ഇന്ന് പലിശഭാരം കുറയ്ക്കേണ്ടതാണ്. അതിന്, റിസർവ് ബാങ്കും എം.പി.സിയും തയ്യാറാകുമോ എന്ന് ഇന്നറിയാം.
വേണം, ഉത്തേജകം
നടപ്പുവർഷം ഇന്ത്യൻ ജി.ഡി.പി വളർച്ച നെഗറ്റീവ് 7.7 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് വിലയിരുത്തൽ. 2021-22ൽ പോസിറ്റീവ് 11 ശതമാനത്തിലേക്ക് കുതിച്ചുകയറുകയും ചെയ്യും. എന്നാൽ, ഈ കുതിപ്പിന് ഉത്തേജകം വേണം. അതിന്, പലിശനിരക്ക് കുറയണം. സമ്പദ്‌വളർച്ചയ്ക്ക് കരുത്തേകാൻ പിന്തുണ നൽകുമെന്ന് റിസർവ് ബാങ്ക് പറഞ്ഞിരുന്നു.
ഇന്ന് പലിശ കുറയ്ക്കാൻ എം.പി.സി തയ്യാറായാൽ ഭവന, വാഹന, വ്യക്തിഗത വായ്‌പാ പലിശനിരക്കും കുറയും. ഇത്, ഇ.എം.ഐയിൽ ആശ്വാസകരമായ കുറവിന് വഴിയൊരുക്കും.
നിരക്കുകൾ നിലവിൽ
റിപ്പോ നിരക്ക് : 4.00%
റിവേഴ്‌സ് റിപ്പോ : 3.35%
എം.എസ്.എഫ് : 4.25%
സി.ആർ.ആർ : 3.00%
എസ്.എൽ.ആർ : 18.00%
1.15%
കഴിഞ്ഞ മാർച്ച് മുതൽ ഇതുവരെ റിപ്പോ നിരക്ക് കുറഞ്ഞത് 1.15 ശതമാനമാണ്. 19 വർഷത്തെ താഴ്‌ചയിലാണ് നിലവിൽ റിപ്പോ റേറ്റ്.