
യാംഗോൺ: നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) നേതാവ് ഓങ് സാൻ സൂ ചിക്കെതിരെ കള്ളക്കടത്ത് കേസ് കുമത്തി പട്ടാളം.. വിദേശത്തുനിന്ന് അനധികൃതമായി വാർത്താവിനിമയ ഉപകരണങ്ങൾ കൊണ്ടുവന്നെന്ന് ആരോപിച്ചാണ് കേസ്..
തലസ്ഥാനമായ നെയ്പെഡോയിൽ വീട്ടുതടങ്കലിൽ കഴിയുന്ന സൂചിയുടെ വസതിയിൽ നിന്ന് 6 വിദേശനിർമിത വാക്കിടോക്കികൾ കണ്ടെടുത്തായി പൊലീസ് അറിയിച്ചു. 3 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
പുറത്താക്കപ്പെട്ട പ്രസിഡന്റ് വിൻ മിന്റിനെതിരെ കഴിഞ്ഞ നവംബറിൽ നടന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കൊറോണ വൈറസ് വ്യാപനം തടയാൻ നടപടിയെടുക്കാതിരുന്നതിനു കേസെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ എൻ..എൽ..ഡി വൻ വിജയം നേടിയിരുന്നു.
പട്ടാള അട്ടിമറിക്കും സൈനികമേധാവി മിൻ ഓങ് ലെയ്ങ് നേതൃത്വം നൽകുന്ന ഭരണത്തിനുമെതിരെ ജനരോഷം രൂക്ഷമാകുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനം മിക്ക നഗരങ്ങളിലും പ്രതിഷേധവുമായി ഇറങ്ങി. പുതുതായി രൂപീകരിച്ച മ്യാൻമർ സിവിൽ ഡിസ്ഒബീഡിയൻസ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ രാജ്യമെങ്ങും ആശുപത്രികളിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും പണിമുടക്കി.
ഇതേസമയം, പട്ടാള അട്ടിമറിക്കെതിരെ രാജ്യാന്തര പ്രതിഷേധം ശക്തമാകുകയാണ്. അതേസമയം സൂ ചിയെ വിട്ടയയ്ക്കണമെന്നും നിയമവാഴ്ച പുനഃസ്ഥാപിക്കണമെന്നും ജി 7 രാഷ്ട്രങ്ങൾ ആവശ്യപ്പെട്ടു.