
പാരിസ് : ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ 2018 ൽ ബോംബാക്രമണം നടത്താൻ പദ്ധതിയിട്ടതിന് ഇറാനിയൻ നയതന്ത്രജ്ഞനെ 20 വർഷം തടവ് ശിക്ഷ വിധിച്ചു. ബെൽജിയം കോടതിയാണ് ശിക്ഷ വിധിച്ചത്. വിയന്ന ആസ്ഥാനമായുള്ള നയതന്ത്രജ്ഞൻ അസദോള അസാദി 2018 ജൂണിൽ നാഷണൽ കൗൺസിൽ ഒഫ് റെസിസ്റ്റൻസ് ഒഫ് ഇറാന്റെ (എൻസിആർഐ) റാലിയ്ക്കിടെ ബോംബ് സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ ഈ ശ്രമം ജർമ്മൻ, ഫ്രഞ്ച്, ബെൽജിയൻ പൊലീസ് സംയുക്തമായി പരാജയപ്പെടുത്തുകയായിരുന്നു. 49 കാരനായ അസദി ഓസ്ട്രിയയിൽ ഇറാൻ ഭരണകൂടത്തിന്റെ അറിവോടെ അക്രമണത്തിന് സ്ഫോടക വസ്തുക്കൾ കൈമാറ്റം ചെയ്തെന്ന കേസിലും കുറ്റാരോപിതനായിരുന്നു. ജർമ്മനിയിലാണ് അസാദി അറസ്റ്റിലായത്. ബെൽജിയൻ-ഇറാനിയൻ ദമ്പതികളായ നാസിമെഹ് നാമി (36), അമീർ സാദൗനി (40) എന്നിവർക്കാണ് അസാദിയിൽ നിന്ന് സ്ഫോടക നവസ്തുക്കൾ സ്വീകരിച്ചകത്. കൂട്ടാളികളായ ഇവരേയും കോടതി ശിക്ഷിച്ചു.