
ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രമായ ഡൽഹി-യു.പി അതിർത്തിയിലെ ഗാസിപ്പുർ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ എം.പിമാരെ പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ തള്ളിനീക്കി എം.പിമാർ മുന്നോട്ടുനീങ്ങാൻ ശ്രമിച്ചെങ്കിലും പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ല.
സുപ്രിയ സുലെ (എൻ.സി.പി), കനിമൊഴി, തിരുച്ചി ശിവ (ഡി.എം.കെ), ഹർസീമ്രത് കൗർ (അകാലിദൾ), സൗഗത റോയ് (തൃണമൂൽ) എൻ.കെ. പ്രമേചന്ദ്രൻ (ആർ.എസ്.പി), എ.എം. ആരിഫ് (സി.പി.എം) തുടങ്ങി പത്ത് പ്രതിപക്ഷ പാർട്ടികളിലെ 15 എം.പിമാരുടെ സംഘത്തെയാണ് തടഞ്ഞത്. എം.പിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയെ നേരിൽക്കണ്ടു പരാതിയറിയിച്ചു. അതേസമയം, കർഷക പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിൽ വിന്യസിച്ച 31 സി.ആർ.പി.എഫ് കമ്പനികളുടെ സേവനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. ഹരിയാനയിൽ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്.എം.എസ്, ഡോംഗിൾ സർവീസുകൾ സോനിപ്പത്ത്, ജജ്ജാർ ജില്ലകളിൽ ഇന്ന് വൈകിട്ട് 5 വരെ നീട്ടി.ഗാസിപ്പുർ സമര കേന്ദ്രത്തിലേക്കുള്ള ദേശീയപാതയിൽ സ്ഥാപിച്ച ഇരുമ്പാണികൾ നീക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ അവ മാറ്റിസ്ഥാപിക്കുക മാത്രമായിരുന്നെന്നും സുരക്ഷാ മുൻകരുതലുകൾ തുടരുമെന്നും പൊലീസ് പറഞ്ഞു. അക്രമങ്ങളെ ചെറുക്കാൻ, സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന ബസുകളിൽ കമ്പിവളയങ്ങൾ സ്ഥാപിച്ചുതുടങ്ങി.അതിനിടെ, കിസാൻ പരേഡിലെ സംഘർഷവും സുരക്ഷാവീഴ്ചയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കാൻ വിസമ്മതിച്ചു.
മരിച്ച കർഷകന്റെ കുടുംബത്തെ
ആശ്വസിപ്പിച്ച് പ്രിയങ്ക
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ മരിച്ച കർഷകന്റെ കുടുംബത്തെ യു.പിയിലെ രാംപുരിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. ബന്ധുക്കളെ അവർ ആശ്വസിപ്പിച്ചു. കർഷക സമരത്തെ രാഷ്ട്രീയ ഗൂഢാലോചനയായി കേന്ദ്രം ബ്രാൻഡ് ചെയ്യരുതെന്ന് അവർ പറഞ്ഞു.
രാജ്യത്തിന്റെ ഐക്യത്തിന്
മുൻഗണന നൽകണം: മോദി
കേന്ദ്രസർക്കാരിന്റെ കർഷക ക്ഷേമ നടപടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ആവർത്തിച്ചു. കർഷകരെ സ്വയംപര്യാപ്തമാക്കാൻ നിരവധി നടപടികൾ കേന്ദ്ര സർക്കാരെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിലും ഉപരിയായി രാജ്യത്തിന്റെ ഐക്യത്തിന് മുൻഗണന നൽകണം.
കൊവിഡ് ബുദ്ധിമുട്ടുകൾക്കിടയിലും കർഷകർ റെക്കാഡ് ഉത്പാദനം കൈവരിച്ചു. കർഷകരെ സ്വയം പര്യാപ്തരാക്കാനും കൃഷി ലാഭകരമാക്കുവാനും ബഡ്ജറ്റിൽ ഒട്ടേറെ നടപടികളെടുത്തു. കാർഷിക വിളകളുടെ വിൽപ്പന സുഗമമാക്കുന്നതിന് ആയിരം ചന്തകളെ ഇ-നാമുമായി ബന്ധിപ്പിക്കുകയാണ്. ഗ്രാമീണ അടിസ്ഥാന സൗകര്യ ഫണ്ട് 40,000 കോടി രൂപയാക്കി ഉയർത്തിയെന്നും 'ചൗരി ചൗര' ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.