
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ താൻ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ വാക്കുകളിൽ ജാതിവെറിയില്ലെന്നും കോൺഗ്രസ് നേതാവും എംപിയുമായ. മുഖ്യമന്ത്രിയുടെ കുടുംബം ചെത്തുകാരുടേതാണെന്നും അത്തരമൊരു കുടുംബത്തിൽപ്പെട്ടയാൾ ഹെലികോപ്ടറിൽ സഞ്ചരിച്ചുവെന്നും സുധാകരൻ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ഒരു സ്വകാര്യ വാർത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് എംപി.
'അതില്‍ തെറ്റായ സന്ദേശം ഇല്ല. ഞാൻ നമ്പൂതിരിയോ നമ്പ്യാരോ, നായരോ ഒന്നുമല്ല. ഞാനും ഈഴവനാണ്. ഈഴവ സമുദായത്തില്‍ ജനിച്ച എനിക്ക് പിണറായിയെ എന്തിനാണ് ജാതി പറഞ്ഞ് വിമര്‍ശിക്കേണ്ട കാര്യം. ആരോടും ജാതി മത വിത്യാസത്തിന്റെ പേരില്‍ പെരുമാറാറില്ല. എനിക്ക് ജാതിയും മതമോ ഇല്ലെന്ന് എന്റെ നാട്ടുകാര്‍ക്ക് അറിയാം. ഞാന്‍ പറഞ്ഞത് പിണറായിയുടെ തൊഴിലാളി കുടുംബസാഹചര്യമാണ്.'-സുധാകരൻ പറഞ്ഞു.
ചെത്തുതൊഴിലാളി എന്ന് പറയുന്നത് മലബാറിൽ സാധാരണമാണെന്നും സുധാകരൻ പറയുന്നു. തന്റെ പരാമർശം സംബന്ധിച്ച വിവാദത്തിന് പിന്നിൽ സിപിഎംകാരല്ല ഉള്ളതെന്നും അദ്ദേഹം പറയുന്നു. സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിൽ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഷാനിമോൾ ഉസ്മാൻ എംഎൽഎയ്ക്ക് പിന്നിലായി മറ്റാളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എംപി ആരോപിച്ചു. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെയും സുധാകരൻ ആരോപണമുന്നയിച്ചു.
മുഖ്യമന്ത്രിക്കെതിരായ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞത് തന്നെ വേദനിപ്പിച്ചുവെന്നും ഇന്നലെ രാത്രിവരെ ഇങ്ങനെയല്ല പറഞ്ഞതെന്നും സുധാകരൻ പറയുന്നുണ്ട്. ഇന്ന് ഉണ്ടായ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് പ്രസംഗം നടത്തിയത്. ബുധനാഴ്ചയാണ് ഷാനിമോള്‍ രംഗത്തെത്തിയത്. ഇടതുപക്ഷക്കാര്‍ വ്യാഴാഴ്ചയാണ് തനിക്കെതിരെ രംഗത്തുവന്നത്. എന്തിന് ഇത്രസമയം എടുത്തു. ഇതിന് പിറകില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. എംപി പറയുന്നു.
കാര്യങ്ങൾ താൻ വിശദീകരിച്ചതാണെന്നും പിണറായിക്കെതിരായ പരാമർശം നടത്തിയത് പാർട്ടിക്ക് വേണ്ടിയാണെന്നും തന്റെ സ്വന്തം ലാഭത്തിനു വേണ്ടിയല്ലെന്നും സുധാകരൻ പറഞ്ഞു. ഇന്നലെ തന്റെ സ്റ്റാൻഡ് ശരിയാണെന്നാണ് ചെന്നിത്തല പറഞ്ഞത്. ഇപ്പോൾ അത് മാറ്റിപ്പറഞ്ഞത് തന്നെ അമ്പരപ്പിക്കുന്നു. ഷാനിമോൾ എംഎൽഎയാക്കാനായി പത്ത് ദിവസം അരൂരിൽ പോയ ആളാണ് താൻ. തനിക്കെതിരെ അങ്ങനെ പറയാനുള്ള ഷാനിമോളുടെ താത്പര്യം എന്താണ്.