jeo

രണ്ട് കൊല്ലത്തിന് മുന്നെയുള്ള ഒരു കാറപകടം ജോ ഡിമിയോ(22) എന്ന യുവാവിന് നൽകിയത് നഷ്ടങ്ങളാണ്. തന്റെ മുഖവും കൈകളും ഈ യുവാവിന് നഷ്ടമായി. എന്നാൽ രണ്ട് വർഷത്തിന് ഇപ്പുറം ശസ്ത്രക്രീയയിലൂടെ ജോയ്ക്ക് ഇതെല്ലാം തിരിച്ചുകിട്ടി. ജോയ്ക്കിപ്പോൾ ചിരിക്കാം, കണ്ണുകൾ ചിമ്മാം കൈകളും വിരലുകളും ആയാസം കൂടാതെ ചലിപ്പിക്കാം. അതേസമയം ഇത്തരത്തിലുള്ള വിജയകരമായ ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രീയയാണ് ജോയ്ക്ക് നടന്നത്. 'ഇരുളടഞ്ഞ തുരങ്കത്തിനൊടുവില്‍ പ്രകാശം കാണാനാവുമെന്ന കാര്യം തീര്‍ച്ചയാണ് അതിനാല്‍ ഒരിക്കലും പ്രതീക്ഷ കൈവിടാതിരിക്കൂ' എന്ന് എന്‍വൈയു ലംഗോണ്‍ ഹെല്‍ത്തിലെ ഡോക്ടര്‍മാര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ജോ പ്രതികരിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 12നാണ് സങ്കീർണമായ അവയവമാറ്റ ശസ്ത്രക്രിയ നടന്നത്. 96 വിദഗ്ധർ 23 മണിക്കൂറുകൊണ്ടാണ് ശസ്ത്രക്രീയ പൂർത്തിയാക്കിയത്. ആശുപത്രിയിലെ വദനമാറ്റ ശസ്ത്രക്രിയ വിഭാഗം മേധാവി എഡ്യൂര്‍ഡോ റോഡ്രിഗ്വിസ് ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ആത്മവിശ്വാസവും ഉത്സാഹവുമുള്ള രോഗിയാണ് ജോയെന്ന് ഡോക്ടര്‍ എഡ്യൂര്‍ഡോ പറഞ്ഞു. ശസ്ത്രക്രിയ പൂര്‍ണമായും വിജയിച്ചത് ജോയുടെ മനസ്സാന്നിധ്യം കൊണ്ടു മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 ജൂലായിലെ ഒരു രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അറിയാതെ മയങ്ങിയതാണ് അപകടത്തിന് കാരണമായത്. കീഴ്‌മേല്‍ മറിഞ്ഞ കാറിലുണ്ടായ സ്ഫോടനത്തില്‍ ശരീരത്തിന്റെ 80 ശതമാനത്തോളമാണ് ജോയ്ക്ക് പൊള്ളലേറ്റു. കൈവിരലുകളും ചുണ്ടുകളും കണ്‍പോളകളും ജോയ്ക്ക് നഷ്ടമായി. കണ്ണുകളുടെ കാഴ്ചയ്ക്കും മങ്ങലേറ്റതോടെ സാധാരണജീവിതം ജോയ്ക്ക് നഷ്ടമായി.നെറ്റി, പുരികം, ചെവികള്‍, മൂക്ക്, കണ്‍പോളകള്‍, ചുണ്ട്, കവിളുകള്‍, തലയോട്ടി, മൂക്ക്, താടി തുടങ്ങിയ ഭാഗത്തെ അസ്ഥികള്‍ തുടങ്ങി ജോയുടെ മുഖം പൂര്‍ണമായും മാറ്റി വെച്ചു, പിന്നീട് രണ്ട് കൈകളും മാറ്റി വെക്കുകയായിരുന്നു .കുറച്ചുകാലം ഇല്ലാതിരുന്ന കൈകള്‍ വീണ്ടുമുപയോഗിക്കേണ്ടി വരുന്നതിന്റെ ചില പ്രയാസങ്ങളേയുള്ളുവെന്നും അത് താമസിയാതെ മാറുമെന്നും പറഞ്ഞ് ആത്മവിശ്വാസത്തോടെ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് ജോ.

ലോകത്തിന്ന് വരെ നടന്ന മുഖവും കൈകളും ഒരുമിച്ച് മാറ്റി വെച്ച രണ്ട് ശസ്ത്രക്രിയകളും പരാജയപ്പെട്ടിരുന്നു. ഒരു രോഗി ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധ കാരണം മരിച്ചു. മറ്റെയാളുടെ മാറ്റി വെച്ച കൈകള്‍ പ്രവര്‍ത്തനക്ഷമമാവാത്തതിനെ തുടര്‍ന്ന് പിന്നീട് നീക്കം ചെയ്തിരുന്നു.