
കളരി പഠനത്തിലൂടെ ലഭിച്ച മെയ് വഴക്കം തഴക്കമായി മാറിയപ്പോൾ, 30 മിനുട്ടിനിടെ 422 തവണ പിന്നോട്ട് തലകുത്തിമറിഞ്ഞ നാലാം ക്ലാസുകാരൻ നീലകണ്ഠൻ നായർ (9) സ്വന്തമാക്കിയത് അറേബ്യൻ ബുക്ക് ഒഫ് വേൾഡ് റെക്കാഡ്. പരമാവധി 10 സെക്കൻഡ് വീതമുള്ള ഏതാനും ഇടവേളകൾ മാത്രമാണെടുത്തത്. ആറാം വയസിൽ ആരംഭിച്ച കളരി അഭ്യാസത്തിന്റെ പിൻബലത്തിലാണ് ബാക്ക് വേർഡ് വാക്ക് ഓവർ (പിന്നിലേക്ക് തലകുത്തി മറിയൽ) ഇനത്തിൽ നീലകണ്‌ഠൻ നേട്ടമുണ്ടാക്കിയത്.
37 സെക്കൻഡിൽ രണ്ട് ഉറുമികൾ 230 തവണ വീശി ഗിന്നസ് ബുക്കിലും ലിംക ബുക്കിലും ഉൾപ്പെടെ ഇടം പിടിച്ച ഏകവീര കളരിപ്പയറ്റ് അക്കാദമി ഉടമ ഹരികൃഷ്‌ണനാണ് ഗുരു. ഗുരുവിന്റെ പാത പിന്തുടരണമെന്ന മോഹമാണ് റെക്കാഡ് സ്വന്തമാക്കാൻ പ്രേരകമായതെന്ന് ആലപ്പുഴ കാർമൽ അക്കാദമി വിദ്യാർത്ഥിയായ നീലകണ്‌ഠൻ പറയുന്നു. മൂന്ന് വർഷത്തെ അഭ്യാസത്തിനൊടുവിൽ മെയ്ത്താരിയും, കോൽത്താരിയും പൂർത്തിയാക്കി അങ്കത്താരിയിൽ പരിശീലനം നേടുകയാണ് ഈ കൊച്ചു മിടുക്കൻ. തെക്കനും വടക്കനും തുളുനാടനും ഉൾപ്പെടുന്ന കളരി മുറകൾ അഭ്യസിക്കുന്നുണ്ട്.
വടക്കൻ സമ്പ്രദായത്തിലെ വട്ടേൻതിരിപ്പ് വിഭാഗത്തിൽ ഉൾപ്പെടുന്ന മലക്കം മറിച്ചിലാണ് റെക്കാഡ് ഇനമായി തിരഞ്ഞെടുത്തത്. റെക്കാഡിന് വേണ്ടി പ്രത്യേക പരിശീലനങ്ങളോ തയ്യാറെടുപ്പുകളോ നടത്തിയിട്ടില്ല. ഗിന്നസ് ബുക്കിലും ലിംകാ ബുക്കിലും ഇന്ത്യൻ ബുക്ക് ഒഫ് വേൾഡ് റെക്കാഡിലും ഇടം നേടുകയാണ് അടുത്ത ലക്ഷ്യം. ഇത്ര കഠിനമായ ആയോധനമുറ 12 വയസിൽ താഴെയുള്ള കുട്ടി ചെയ്യുന്നത് ആരോഗ്യകരമാകമോ എന്ന ആശങ്ക ഗിന്നസ് ബുക്ക് അധികൃതർ പങ്കുവച്ചിരുന്നു.