protest

ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയവഴി വ്യാചപ്രചരണം നടത്തുന്നത് മൂന്നൂറോളം അക്കൗണ്ടുകൾ വഴിയെന്ന് ഡൽഹി പൊലീസ്. ഇവർക്ക് ഖാലിസ്ഥാൻ ബന്ധമുണ്ടെന്നും, ട്വിറ്ററിൽ വന്ന 'ടൂൾകിറ്റു'കൾക്ക് അനുസൃതമായാണ് സമരമെന്നും പൊലീസ് പറയുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ കമ്മിഷണർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പ്രത്യേക താൽപര്യമുള്ള സംഘടനകളാണ് പ്രചരണത്തിന് പിന്നിൽ. ട്വിറ്ററിലെ ടൂൾ കിറ്റിൽ വന്ന സന്ദേശങ്ങൾക്ക് അനുസൃതമായാണ് ജനുവരി 26ന് നടന്ന അക്രമങ്ങൾ നടന്നത്. ഇക്കാര്യത്തിൽ ഗൂഢാലോചനകൾ നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ടൂൾ കിറ്റിനു പിന്നിൽ ഖാലിസ്ഥാൻ ബന്ധമുള്ളവരാണെന്നും ഇത്തരം ടൂൾകിറ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ് എടുത്തതെന്നും ഡൽഹി പൊലീസ് സ്‌പെഷ്യൽ കമ്മിഷണർ പ്രവീർ രഞ്ജൻ വ്യക്തമാക്കി.

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരെ കേസ് എടുത്തെന്ന വാർത്തയും കമ്മിഷണർ നിഷേധിച്ചു. എഫ്.ഐ.ആറിൽ ആരുടെയും പേര് പരാമർശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.