
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ വിവാദപരാമർശത്തിൽ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച കെ സുധാകരൻ കോൺഗ്രസിനെ വെട്ടിലാക്കി. വിവാദത്തിന് പിന്നിൽ പാർട്ടിയിലുളള ചിലർ തന്നെയെന്നാണ് സുധാകരന്റെ ഒടുവിലത്തെ പ്രതികരണം. ഹൈക്കമാൻഡ് പ്രതിനിധിക്കും പ്രതിപക്ഷ നേതാവിനും എതിരായ വിമർശനങ്ങളിലും സുധാകരൻ ഉറച്ചു നിൽക്കുകയാണ്. കെ പി സി സി അദ്ധ്യക്ഷ സ്ഥാനം കിട്ടാതെ പോയതിന് ശേഷം നേതൃത്വവുമായി തെറ്റി നിൽക്കുന്ന സുധാകരനെതിരെ നടപടിയെടുക്കണമെന്നും പാർട്ടിയിലെ ഒരു വിഭാഗം വാദിക്കുന്നു.
മുഖ്യമന്ത്രിയെ രാഷ്ട്രീയമായി വിമർശിച്ചതിന്റെ പേരിൽ പാർട്ടിയിൽ ഒറ്റപ്പെടുത്തിയെന്നാണ് സുധാകരന്റെ പരാതി. പ്രതിപക്ഷ നേതാവിനെയും എ ഐ സി സി സെക്രട്ടറിയെയും അടക്കം വിമർശിച്ച സാഹചര്യത്തിൽ സുധാകരന് എതിരെ നടപടി എടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലയിലാണ് നേതൃത്വം. നേതാക്കളെ വിമർശിച്ചതിന്റെ പേരിൽ പാർട്ടി നടപടിയിലേക്ക് നീങ്ങിയാൽ, കടുത്ത നിലപാടിലേക്ക് കടക്കാൻ തന്നെയാണ് സുധാകരന്റെയും തീരുമാനം. മുഖ്യമന്ത്രിക്ക് എതിരായ പരാമർശം ജാതീയമല്ലെന്ന് വിശദീകരിക്കുന്ന സുധാകരൻ തിരുത്തില്ലെന്ന് ആവർത്തിക്കുന്നുമുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ജനസ്വാധീനമുളള സുധാകരനെതിരെ നടപടിയെടുക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.