
മലപ്പുറം: സുധാകരൻ നൽകിയ വിശദീകരണത്തിൽ പൂർണ തൃപ്‌തനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ പത്രക്കാരുടെ ചോദ്യങ്ങൾക്ക് പൊതുവായ ഒരു പ്രതികരണം നൽകിയതാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഈ വിവാദം ഇവിടെ അവസാനിക്കണം. സുധാകരൻ ആരേയും ആക്ഷേപിക്കുന്ന ആളല്ല. സുധാകരൻ വർഷങ്ങളായി രാഷ്ട്രീയ രംഗത്തുളള നേതാവാണെന്നും അദ്ദേഹം വ്യക്തമാക്കി.
നല്ല അനുയായി വൃന്ദമുളള നേതാവാണ് സുധാകരൻ. അദ്ദേഹം ആരേയും അപമാനിച്ചുവെന്ന് പാർട്ടിക്ക് അഭിപ്രായമില്ല. സുധാകരനോട് താൻ ഫോണിൽ സംസാരിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു. തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകൾ നൽകുന്നത് ശരിയല്ല. അതിനെക്കാൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം സംസ്ഥാനത്ത് നടക്കുന്ന അനധികൃത നിയമനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാർ മുൻ എം പിമാരുടെ ഭാര്യമാർക്കെല്ലാം ജോലി നൽകി കഴിഞ്ഞു. ബന്ധു നിയമനം തകൃതിയായി നടക്കുകയാണ്. എം എൽ എമാരുടെ മക്കൾക്കെല്ലാം ജോലി കൊടുക്കുകയാണ്. ലക്ഷ കണക്കിന് ചെറുപ്പക്കാർ പി എസ് സി ലിസ്റ്റിൽ ഉണ്ടായിട്ട് ജോലി കിട്ടാതെയിരിക്കുമ്പോഴാണ് പതിനായിര കണക്കിന് ആളുകളെ പിൻവാതിൽ വഴി നിയമിക്കുന്നത്. വേണ്ടപ്പെട്ടവരെയെല്ലാം സ്ഥിരപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇതെല്ലാം നിർത്തിവയ്‌ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.