
വെള്ളറട: ആറാട്ടുകുഴിയിൽ പട്ടാപ്പകൽ കടയിൽ നിന്ന് പണം കവർന്നു. ആറാട്ടുകുഴി ജംഗ്ഷന് സമീപമുള്ള വിദ്യാധരന്റെ മകൻ ജയപ്രസാദിന്റെ സൂപ്പർ മാർക്കറ്റിൽ നിന്നാണ് പതിനൊന്നായിരം രൂപ അപഹരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ജയപ്രസാദ് കടയിൽ നിന്നും ഇറങ്ങി സമീപത്തുള്ള വീട്ടിൽ പോയിട്ടു വരുന്നതിനിടയിലാണ് കവർച്ച.
മേശ തുറക്കുന്ന സൗണ്ട് കേട്ട് കടയിലെത്തിയപ്പോൾ വെള്ളം ചോദിച്ച് ഒരു യുവാവ് നിൽക്കുന്നത് കണ്ടു. എന്നാൽ വെള്ളം ഇല്ലെന്നറിയിച്ചതോടെ ഇയാൾ കടയിൽ നിന്നും ഇറങ്ങിപ്പോയി. തുടർന്ന് കടയിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മാസ്കുകൊണ്ട് മുഖം മറച്ചെത്തിയ ഇയാൾ മേശ തുറന്ന് അതിലുണ്ടായിരുന്ന പണം രണ്ടു തവണയായി അപഹരിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് വെള്ളറട പൊലീസിൽ പരാതി നൽകി. സമീപത്തെ തന്നെ ഒരു റബർ കടയിലെ മേശയും തുറന്ന് പണമെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മേശ പൂട്ടിയിരുന്നത് കാരണം കവർച്ച ചെയ്യാൻ കഴിഞ്ഞില്ല. വെള്ളറട പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.