sudhakaran

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയ മാനദണ്ഡങ്ങളിൽ സി പി എം ഇളവ് നൽകുന്നത് പ്രാദേശിക ഘടകങ്ങൾ പരിഗണിച്ചെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മാനദണ്ഡം പറ‍ഞ്ഞശേഷം എല്ലാവർക്കും ഇളവ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിന്റേതുപോലെ അക്കൊമഡേഷൻ രാഷ്ട്രീയമല്ല ഇടതുമുന്നണിയുടേത്. ഭരണത്തുടർച്ചയ്‌ക്കാണ് പ്രഥമപരിഗണനയെന്നും എം എ ബേബി വ്യക്തമാക്കി.

ഭരണത്തുടർച്ചയ്‌ക്ക് ഉതകുന്ന സ്ഥാനാർത്ഥികളെ അവതരിപ്പിക്കും. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കും. ആവശ്യമെങ്കിൽ മാത്രമാകും ഇളവ്. താൻ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും എം എ ബേബി പറഞ്ഞു. മുന്നണിയിൽ പുതുതായെത്തിയ പാർട്ടികൾക്കായി സി പി എം അടക്കം എല്ലാ ഘടകകക്ഷികളും സീറ്റ് വിട്ടുകൊടുക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ സുധാകരനെ കോൺഗ്രസ് ഹൈക്കമാൻഡ് അച്ചടക്കം പഠിപ്പിക്കണം. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സുധാകരന്റെ ജാതിപറഞ്ഞുളള പരാമർശം ഇന്നത്തെ കോൺഗ്രസിന്റെ സംസ്‌കാരത്തെയാണ് കാണിക്കുന്നത്. സുധാകരന്റെ പരാമർശങ്ങളോട് കോൺഗ്രസ് നേതൃത്വം പ്രതികരിക്കണം. താൻ തൊഴിലാളിയുടെ മകനാണെന്നതിൽ അഭിമാനിക്കുന്നയാളാണ് പിണറായി വിജയൻ. തിരഞ്ഞെടുപ്പ് കാലത്ത് കെ സുധാകരൻ ഇടതുമുന്നണിയുടെ ജോലി കുറയ്‌ക്കുമെന്നും ബേബി പരിഹസിച്ചു.