
കണ്ണൂർ: അപവാദം പ്രചരിപ്പിച്ചുവെന്നാരോപിച്ച് നഗരമദ്ധ്യത്തിൽ സ്ത്രീകൾ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞദിവസം രാവിലെ എട്ട് മണിയോടെയാണ് സംഭവം. ചേലോറയിലെ യുവതിയും എളായാവൂരിലെ മദ്ധ്യവയസ്‌കയുമാണ് റോഡരികിൽ ഏറ്റുമുട്ടിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനിതാ പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ചേലോറയിലെ യുവതിയ്ക്ക് എതിരെ അപവാദം പ്രചരിപ്പിച്ചതായി യുവതി വനിതാ പൊലീസിൽ പരാതി നൽകി. തെക്കീബസാറിൽ ബസ് കാത്തുനിൽക്കുകയായിരുന്ന മദ്ധ്യവയസ്കയോട് ഇക്കാര്യം ചോദിച്ചതിനുള്ള വൈരാഗ്യത്തിൽ മർദ്ദിച്ചതോടെ തമ്മിലടിയായി. പൊലീസിനെയും സ്ത്രീ പരസ്യമായി തെറിവിളിച്ചതായി പരാതിയുണ്ട്. യുവതിയുടെ പരാതിയിൽ വനിതാ പൊലീസ് കേസെടുത്തു.