
സ്ത്രീകൾക്കായി ഇന്നേവരെ ഒരു പാർട്ടിയുടെയും മാനിഫെസ്റ്റോയിൽ ഇടംനേടാതെ പോയ ഒരു വാഗ്ദാനവുമായി കമലഹാസൻ എത്തിയത് ഏറെ ചർച്ചയായിരിക്കുന്നു. തമിഴ്നാട്ടിൽ മേയിൽ നടക്കുന്ന ഇലക്ഷനിൽ തന്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യം അധികാരത്തിലെത്തിയാൽ വീട്ടമ്മമാർ കുടുംബത്തിനായി ചെയ്തുകൊണ്ടിരിക്കുന്ന പ്രയത്നങ്ങൾക്ക് മാസശമ്പളം നൽകുമെന്ന വലിയ പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്.
വീട്ടുപണികൾ ,കുട്ടികളുടെയും മുതിർന്നവരുടെയും പരിചരണം തുടങ്ങിയുള്ള ഗാർഹിക ജോലികളുടെ കാര്യത്തിൽ ഇന്ത്യയിൽ നിലനിൽക്കുന്ന കടുത്ത സ്ത്രീ-പുരുഷ അന്തരത്തിന്റെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഈ വിവേചനത്തിലുള്ള അസ്വസ്ഥത സുപ്രീം കോടതി ഈയിടെ പ്രകടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലത്തെ സെൻസസ് പ്രകാരം വീട്ടുജോലികളാണ് തങ്ങളുടെ പ്രധാന തൊഴിലെന്ന് ബോധിപ്പിച്ച സ്ത്രീകളുടെ എണ്ണം159.85 ദശലക്ഷമായിരുന്നപ്പോൾ അപ്രകാരമുള്ള പുരുഷന്മാരുടെ സംഖ്യ 5.79 ദശലക്ഷം മാത്രമായിരുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട് (2019) അനുസരിച്ച് ഇന്ത്യയിലെ വനിതകൾ സ്വന്തം ഭവനത്തിനായി ഒരു ദിവസം, ശരാശരി, 352 മിനിറ്റ് പണിയെടുക്കുമ്പോൾ ആണുങ്ങളുടേത് 97 മിനിറ്റ് മാത്രമാകുന്നു; അതായത് നാലു മണിക്കൂറിലേറെയുള്ള വ്യത്യാസം.
സ്ത്രീകളുടെ ഗൃഹസംബന്ധിയായ സേവനങ്ങളുടെ യഥാർത്ഥ മൂല്യം വളരെ വലുതാണെങ്കിലും, പ്രതിഫലമില്ലാത്ത പ്രയത്നങ്ങൾ ആകയാൽ അവയുടെ പണ മൂല്യം എത്രയാണെന്ന് അറിയാതെ പോകുന്നു. അതുകൊണ്ടുതന്നെ ഒരു രാജ്യത്തിന്റെ ഉത്‌പാദനങ്ങളുടെയും സേവനങ്ങളുടെയും ധനമൂല്യത്തിന്റെ ആകത്തുകയായ ജി ഡി പിയിൽ കുടുംബിനികളുടെ സംഭാവന ഇടം നേടാതെ പോകുന്നു. കൂടാതെ ഇന്ത്യയുടെ സെൻസസുകളിൽ സ്വന്തം കുടുംബത്തിനു വേണ്ടി വനിതകൾ പ്രതിഫലം കൂടാതെ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളെ 'ആദായകരമല്ലാത്ത തൊഴിലുകൾ' (ഭിക്ഷക്കാർ, ജയിൽ പുള്ളികൾ തുടങ്ങിയവർ)എന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . അസംബന്ധവും ക്രൂരവുമായ ഈ വർഗീകരണം മൂലം തിരസ്‌കരിക്കപ്പെട്ടു പോകുന്നത് രാഷ്ട്രത്തിന്റെ അടിസ്ഥാന സാമൂഹ്യ സ്ഥാപനമായ കുടുംബത്തിന്റെ ക്ഷേമത്തിനായി വനിതകൾ അനുഷ്ഠിച്ചുവരുന്ന വിലയേറിയ സേവനങ്ങളാകുന്നു.
ഒട്ടും സുഖകരമല്ലാത്ത ഇത്തരം വസ്തുതകളുടെ പശ്ചാത്തലത്തിലാണ് കമലഹാസന്റെ നിർദ്ദേശ സമർപ്പണത്തിന്റെ മഹിമ തെളിയുന്നത്. ഒന്ന്, അംഗനമാരുടെ അവഗണനയിലാണ്ടുപോയ കുടുംബ സേവനങ്ങൾ ആദ്യമായി ഔദ്യോഗിക തലത്തിൽ അംഗീകാരം നേടുന്നു. രണ്ട്, ബഹുമതിക്കൊപ്പം പണവും വന്നുചേരുന്നത് സ്ത്രീകളുടെ സാമ്പത്തിക പദവി ഉയർത്തുന്നു .
കമലിന്റെ പ്രഖ്യാപനത്തിന് ശശി തരൂർ അടക്കമുള്ളവരിൽനിന്ന് അഭിനന്ദന പ്രവാഹമുണ്ടായെങ്കിലും ചില വിചാരണകൾക്കും അത് പാത്രമായി രിക്കുന്നു. പ്രാവർത്തികമാക്കാൻ കഴിയാത്ത ഒരു ആശയമാണിതെന്ന ആക്ഷേപമുണ്ട്. സ്ത്രീകളുടെ വീട്ടുജോലികൾ വൈവിധ്യമാർന്നതാകയാൽ അവയുടെയെല്ലാം സാമ്പത്തിക മൂല്യം കൃത്യമായി തിട്ടപ്പെടുത്തുന്നത് ഏറെ ദുഷ്‌കരമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. പക്ഷേ ഇച്ഛാശക്തി യുണ്ടെങ്കിൽ ഈ തടസം മറികടക്കാൻ കഴിയുമെന്നാണ് ഈ രംഗത്തെ കുറിച്ചുള്ള ചില പഠനങ്ങൾ തെളിയിക്കുന്നത്. ഉദാഹരണമായി സ്ത്രീകളുടെ ഗാർഹിക അധ്വാനങ്ങളുടെ പണമൂല്യം തിട്ടപ്പെടുത്തുന്നതിനായി നടാഷാ ചൗധരിയും കൂട്ടരും നടത്തിയ ഗവേഷണത്തിന്റെ
(2009) അനുഭവം പറയാം. പരോക്ഷ സങ്കേതങ്ങളിലൂടെ സ്ത്രീകളുടെ വിവിധങ്ങളായ
പരിശ്രമങ്ങളുടെ ധനമാപിനികൾ ആവിഷ്‌കരിക്കുകയും അതിലൂടെ മൂല്യം
നിർണയിക്കുന്ന രീതിയാണ് അവർഅവലംബിച്ചത്. ഇന്ത്യയിലെ സ്ത്രീകൾ കുടുംബത്തിനായി ഒരു വർഷം ചെയ്തുകൊണ്ടിരിക്കുന്നത് 612.8 ശത കോടി ഡോളറിന്റെ സേവനമാണെന്നാണ് ഈ പഠനത്തിന്റെ പ്രധാന നിഗമനം.
എന്നാൽ കുടുംബിനികൾക്ക് ശമ്പളം എന്ന നിർദ്ദേശത്തിൽ പതിയിരിക്കുന്ന അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയുള്ള വിമർശനം കഴമ്പുള്ളതാകുന്നു. പ്രധാന അപായങ്ങൾ രണ്ടാണ്. ഒന്ന്, ഈ നടപടി സ്ത്രീകളെ വീട്ടുജോലികളിൽ തളച്ചിടാനും അവരുടെ അരങ്ങത്തേക്കുള്ള പ്രവേശത്തെ കൂടുതൽ തടസപ്പെടുത്താനുമിടയാക്കും. രണ്ട്, ഗൃഹജോലികൾ പങ്കിടുക എന്ന
സമത്വസുന്ദരമായ ഉത്തരവാദിത്വത്തിൽ നിന്ന് പുരുഷൻ മാർക്കു ഒഴിഞ്ഞുമാറാനുള്ള മാർഗമായും ഇതിനെ ഉപയോഗിക്കപ്പെടാം. തീർച്ചയായും,
വനിതകളുടെ സാമൂഹ്യസാമ്പത്തിക പദവി ഉയർത്തുകയാണ് ലക്ഷ്യമെങ്കിൽ അതിനുള്ള പ്രധാനമാർഗം വീടിനു പുറത്ത് സ്ത്രീകൾക്കുള്ള തൊഴിലിടം വിസ്തൃതമാക്കുക എന്നതാണ്. കടുത്ത സ്ത്രീവിരുദ്ധതയാണ് നമ്മുടെ തൊഴിലിടങ്ങളിൽ നടമാടുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നിരീക്ഷണങ്ങൾക്ക് പുകൾപെറ്റ ഒരു സ്ഥാപനത്തിന്റെ സർവേ പ്രകാരം രാജ്യത്ത് മൊത്തം തൊഴിലെടുക്കുന്നവരിൽ സ്ത്രീകളുടെ പങ്ക് 11ശതമാനം മാത്രമാകുന്നു. സർക്കാർ സർവീസ് മാത്രമെടുത്താലും സ്ത്രീ സാന്നിധ്യം 15 ശതമാനമേ ഉള്ളൂ. തൊഴിൽ രംഗത്തെ ലിംഗപരമായ അസമത്വം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഹാനികരമാകുന്നുവെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ അധ്യക്ഷയായ ക്രിസ്റ്റീനയുടെ നിരീക്ഷണം. മാവോ സെ തുങ് പറഞ്ഞപോലെ ആകാശത്തിന്റെ 50 ശതമാനം പേറുന്ന വനിതകളുടെ തൊഴിൽമേഖലയിലെ അനുപാതം അതേ നിലയിലായിരുന്നെങ്കിൽ ഇന്ത്യയുടെ ജി.ഡി.പിയിൽ ഒരു വർഷം 770 ദശലക്ഷം ഡോളറിന്റെ അധിക വളർച്ച ഉണ്ടാകുമായിരുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചതായി ക്രിസ്റ്റീന സാക്ഷ്യപ്പെടുത്തുന്നു. ഇത്തരുണത്തിൽ വീട്ടുജോലികളിൽ നിന്നും സ്ത്രീകളെ കാര്യമായി മോചിപ്പിക്കാനും, പുറത്തുള്ള തൊഴിൽരംഗങ്ങളിൽ പ്രവേശിക്കുന്നതിന് അവർക്ക് പ്രചോദനം നൽകുന്നതുമായ സ്വീഡൻ മാതൃക ശ്രദ്ധേയമാകുന്നു.വീട്ടുപണികൾക്കായി പ്രതിഫലം നൽകി പരിചാരകരെ നിയോഗിക്കുന്ന ഉദ്യോഗസ്ഥകളായ ഗൃഹനാഥകൾക്ക് ഇക്കാര്യത്തിൽ ചെലവാകുന്ന തുകയുടെ ഒരു ഭാഗം സർക്കാർ സബ്സിഡിയായി നൽകുന്ന നാടാണ് സ്വീഡൻ. തീർച്ചയായും, സ്ത്രീകളെ തൊഴിൽരംഗത്തെത്താൻ പ്രോത്സാഹിപ്പിക്കുന്നതും, വീട്ടിലെ പണിയും ഓഫീസ്‌ജോലിയും എന്ന ഇരട്ട ഭാരം പേറേണ്ടി വരുന്ന സ്ത്രീകൾക്ക് ആശ്വാസമേകുന്നതുമാണ് ഈ നടപടി. പക്ഷേ ഇന്ത്യയുടെ കാര്യത്തിൽ ഇതിനൊപ്പം തന്നെ മറ്റു നീക്കങ്ങളും അനിവാര്യമാകുന്നു. തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം റിസർവേഷൻ പോലുള്ള മാർഗങ്ങളാൽഉയർത്തേണ്ടതുണ്ട് . സ്ത്രീകളുടെ പുറം ജോലികൾക്ക് വിഘാതം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളുടെയും മറ്റും മനോഭാവത്തിലും മാറ്റം വരേണ്ടതുണ്ട്. ക്ലേശകരവും സമയദൈർഘ്യമേറിയതുമാ ണ് ഇത്തരം പരിഹാരമാർഗങ്ങളെന്നതിനാൽ, ഇടക്കാല ആംഗിളിൽ വീക്ഷിക്കുമ്പോൾ കമലഹാസന്റെ വാഗ്ദാനത്തിന് പ്രസക്തി ഏറെയാണ്.