
ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് നാലു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് എം എ ചിദംബരം സ്റ്റേഡിയത്തിൽ തുടക്കമായി. ടോസ് നേടിയ ഇംഗ്ളണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. നിലവിൽ 15 ഓവറിൽ ഇംഗ്ളണ്ട് 36 റൺസ് നേടിയിട്ടുണ്ട്. റോറി ബേൺസ്, ഡൊമിനിക് സിബ്ലി എന്നിവരാണ് ക്രീസിൽ.
കൊവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ നടക്കുന്ന രാജ്യാന്തരമത്സരമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഓസ്‌ട്രേലിയയെ അവരുടെ കളത്തിൽ പോയി കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതേസമയം ശ്രീലങ്കയെ അവരുടെ തട്ടകത്തിൽ തൂത്തുവാരിയ ശേഷമാണ് ഇംഗ്ളണ്ടിന്റെ വരവ്. ഓസ്‌ട്രേലിയക്കെതിരെ ബ്രിസ്‌ബേനിൽ ചരിത്ര ജയം നേടിയ അതേ ബാറ്റിംഗ് ഓർഡറാണ് ചെന്നൈയിൽ ഇന്ത്യ പിന്തുടരുക എന്ന് നായകൻ വിരാട് കോലി ടോസ് വേളയിൽ വ്യക്തമാക്കി.
ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ നൂറാം ടെസ്റ്റ് മത്സരമാണിത്. ടെസ്റ്റിൽ 100 മത്സരം കളിക്കുന്ന പതിനഞ്ചാമത്തെ ഇംഗ്ലണ്ട് താരമാണ് ജോ റൂട്ട്. പതിനെട്ടാം മത്സരത്തിനിറങ്ങുന്ന ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുമ്ര ഇന്ത്യയിൽ കളിക്കുന്ന ആദ്യ ടെസ്റ്റാണിത്. മൂന്ന് വിക്കറ്റ് കൂടി നേടിയാൽ 300 വിക്കറ്റ് ക്ലബിലെത്തുന്ന ആറാമത്തെ ഇന്ത്യൻ ബൗളർ എന്ന നേട്ടം ഇശാന്ത് ശർമ്മക്ക് സ്വന്തമാകും എന്നതും ചെന്നൈയിലെ ആദ്യ ടെസ്റ്റിനെ ആവേശമാക്കുന്നു. ഇന്ത്യ ഏറ്റവും അവസാനമായി ചെന്നെെ ചിദംബരം സ്‌റ്റേഡിയത്തിൽടെസ്റ്റ് ക്രിക്കറ്റ് കളിച്ചത് 2016 ൽ ആയിരുന്നു. അന്ന് ഇന്ത്യ 700 റൺസ് സ്‌കോർ ചെയ്തിരുന്നു.
ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ, രവിചന്ദ്ര അശ്വിൻ, ഇശാന്ത് ശർമ്മ, ജസ്പ്രീത് ബുമ്ര, ഷഹ്ബാസ് നദീം
ഇംഗ്ളണ്ട് ടീം: റോറി ബേൺസ്, ഡൊമിനിക് സിബ്ലി, ഡാനിയേൽ ലോറൻസ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ഓലി പോപ്പ്, ജോസ് ബട്ട്ലർ, ഡൊമിന് ബെസ്സ്, ജോഫ്ര ആർച്ചർ, ജാക്ക് ലീ, ജയിംസ് ആൻഡേഴ്സൺ