
തിരുവനന്തപുരം: നഗരത്തിൽ പട്ടാപ്പകൽ അദ്ധ്യാപികയുടെ മാലപൊട്ടിച്ച സംഘത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്. നഗരമദ്ധ്യത്തെ അമ്പലത്തറയിൽ ബൈക്കിൽ കറങ്ങിയ രണ്ടംഗസംഘം അദ്ധ്യാപികയുടെ 12 പവന്റെ സ്വർണമാലയാണ് കവർന്നത്. ഇന്നലെ വൈകിട്ട് 3.45ഓടെയാണ് സംഭവം. മണക്കാട് കാർത്തിക തിരുനാൾ ഹയർസെക്കൻഡറി സ്‌കൂളിലെ എൽ.പി വിഭാഗം അദ്ധ്യാപികയും വെങ്ങാനൂർ സ്വദേശിയുമായ പ്രീത രമ്യയുടെ(32) താലിമാലയാണ് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ സംഘം പിടിച്ചുപറിച്ചത്. അമ്പത്തറ-തിരുവല്ലം പഴയറോഡിൽ കരിമ്പുവിളയ്ക്ക് സമീപത്തെ ഫർണിച്ചർ കടയ്ക്ക് മുന്നിലാണ് സംഭവം.
സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്തായിരുന്നു കവർച്ച. ബൈപ്പാസിലേക്ക് കയറുന്ന കരിമ്പുവിളയിലെത്തിയപ്പോൾ ഇവരുടെ സ്‌കൂട്ടറിന് പിന്നിലായി രണ്ടുപേർ പൾസർ ബൈക്കിൽ എത്തി. ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത് ബൈക്ക് അടുപ്പിച്ച ശേഷം പിന്നിലിരുന്നയാൾ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സ്കൂട്ടർ നിയന്ത്രണംവിട്ടതിനെ തുടർന്ന് പ്രീത റോഡിൽ വീണു. മുഖത്ത് പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൾസർ എൻ.എസ് ബൈക്കിലാണ് പ്രതികൾ സഞ്ചരിച്ചതെന്ന് സമീപത്തെ കടകളിൽ നിന്ന് ലഭിച്ച സി.സി.ടിവി ദൃശ്യങ്ങളിലുണ്ട്. എന്നാൽ ബൈക്കിന്റെ നമ്പർ വ്യക്തമായിട്ടില്ല. പൂന്തുറ ഇൻസ്‌പെക്ടർ ബി.എസ്. സജികുമാർ, എസ്.ഐ. അനൂപ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അദ്ധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൂന്തുറ പൊലീസ് കേസെടുത്തു.
ലോക്ക്‌ഡൗണിന് ശേഷം നഗരത്തിൽ വീണ്ടും മാലപൊട്ടിക്കൽ സംഘം സജീവമായിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിന്റെ ശ്രദ്ധ തിരിഞ്ഞത് അനുകൂലമാക്കിയാണ് തസ്‌കര സംഘം നഗരത്തിൽ ഭീഷണി ഉയർത്തിയിരിക്കുന്നത്. മുമ്പ് കാൽനടയാത്രക്കാരെ മാത്രം ലക്ഷ്യം വച്ച് നടത്തിയിരുന്ന കൊള്ള, ഇപ്പോൾ വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് നേരെ കൂടി തിരിഞ്ഞിരിക്കുകയാണ്.