reser

മുംബയ്: പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണ വായ്‌പാ അവലോകനം. റിപ്പോ നിരക്ക് നാലു ശതമാനത്തിൽ തന്നെ തുടരുമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്ത് ദാസ് അറിയിച്ചു. വളർച്ചയെ പിന്തുണയ്‌ക്കുന്ന വായ്പാ നയമാണ് ആർ ബി ഐ പിന്തുടരുന്നതെന്നും ഗവർണർ പറഞ്ഞു.

നാണയപെരുപ്പം നിശ്ചിത പരിധിയിൽ നിർത്തുന്നത് ആർ ബി ഐയുടെ പരിഗണനയിലാണ്. രാജ്യത്തെ പൊതു സാമ്പത്തിക സ്ഥിതി വളർച്ചയ്‌ക്ക് അനുഗുണമായി മാറിയിട്ടുണ്ട്. സമ്പദ് വളർച്ചയുടെ പുനരുജ്ജീവനം കൂടുതൽ ശക്തമായിട്ടുണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം 10.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ, അടിസ്ഥാന സൗകര്യ രംഗങ്ങളിൽ വളർച്ചാ പ്രേരകമാവുന്ന നിർദ്ദേശങ്ങൾ ബഡ്‌ജറ്റിലുണ്ടെന്നും റിസർവ് ബാങ്ക് വിലയിരുത്തി.

അർ ബി ഐ പണവായ്‌പാ നയം പ്രഖ്യാപിക്കുന്നതിന് മുമ്പായി തന്നെ ഓഹരി വിപണിയിൽ കുതിപ്പുണ്ടായി. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ശക്തമായ മുന്നേറ്റം കാഴ്‌ചവച്ച നിഫ്റ്റി പതിനയ്യായിരം പോയിന്റ് പിന്നിട്ടു. സെൻസെക്‌സ് ഒരു ഘട്ടത്തിൽ 51000ന് മുകളിൽ എത്തി. ബാങ്കിംഗ് ഓഹരികളാണ് പ്രധാനമായും നേട്ടുണ്ടാക്കിയത്. ക്യാപിറ്റൽ ഗുഡ്‌സ്, ഓട്ടോ ഓഹരികളും മുന്നേറി.