keeri

വൈക്കം:ആരുമറിയാതെ പരമരഹസ്യമായാണ് വൈക്കം ഉദയനാപുരം മൂലയിൽ നവീൻ ജോയി(48) കീരിയെ പിടികൂടി കൊന്ന് കറിവയ്ക്കാൻ തുടങ്ങിയത്. പക്ഷേ, അതീവരഹസ്യമായി ചെയ്ത കാര്യം എങ്ങനെയോ വനംവകുപ്പ് അറിഞ്ഞു. ഇറച്ചിക്കറി പാകമാകുംമുമ്പ് അവർ പാഞ്ഞെത്തി. ചട്ടിയും കലവുമടക്കം നവീൻജോയിയെ പൊക്കി അകത്താക്കുകയും ചെയ്തു.

കഴിഞ്ഞദിവസം വൈകിട്ട് അറരയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുനിന്ന് കിട്ടിയ കീരിയെയാണ് നവീൻ ജോയി കൊന്ന് കറിവയ്ക്കാൻ തുടങ്ങിയത്. പ്രശ്നമാകുമെന്ന് ഭയമുളളതിനാൽ പുറത്താരോടും സംഭവം പറഞ്ഞില്ല.പക്ഷേ, വിവരം എങ്ങനെയോ ഫോറസ്റ്റുകാർ അറിഞ്ഞു. അവരെത്തിയപ്പോൾ ഇറച്ചിക്കറി അടുപ്പത്ത് തിളയ്ക്കാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുളളൂ. ഉടൻതന്നെ ഫോറസ്റ്റുകാർ കീരിയുടെ സാംപിളുകൾ ശേഖരിക്കുകയും നവീനെ അറസ്റ്റുചെയ്യുകയും ചെയ്തു. വന്യജീവിസംരക്ഷണ നിയമപ്രകാരം അറസ്റ്റുചെയ്ത നവീനെ കാഞ്ഞിരപ്പളളി കോടതി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇടുക്കിയിൽ അടുത്തിടെ പുലിയെ കൊന്ന് കറിവച്ച സംഘം അറസ്റ്റിലായിരുന്നു. കെണിവച്ച് പിടികൂടിയ പുലിയെയാണ് സംഘം ഇറച്ചിയാക്കിയത്. വനംവകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്ത്. ആറുവയസു വരുന്ന പുലിയെയാണ് ഇവർ പിടിച്ചത്. തുടർന്ന് തോലുരിച്ച് പത്തുകിലോയോളം ഇറച്ചിയെടുത്ത് കറിയാക്കി. പുലിയുടെ തോലും പല്ലും നഖവും വിൽപ്പനയ്ക്കായി മാറ്റിവച്ചിരുന്നു. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് പിടിച്ചെടുത്തിരുന്നു.