
നേരം പുലരുംമുമ്പേ ഹൈവേയിലൂടെ പോകുന്നവർക്ക് ഹസൻസാർ ഓടുന്നത് കാണാം. സൂര്യൻ ഉദിച്ചുകഴിയുമ്പോഴേക്കും വീട്ടിൽ മടങ്ങിയെത്തിയിരിക്കും. ആ നാട്ടിൽ പ്രഭാതനടത്തം അതിനുമുമ്പ് ചില പട്ടാളക്കാർ മാത്രമാണ് കൃത്യമായി ചെയ്തിരുന്നത്. ചിലരൊക്കെ ഹസൻ സാറിനൊപ്പം നടത്തവും ഓട്ടവും ആരംഭിച്ചിരുന്നു. ഏറിയാൽ രണ്ടുമാസം. അതിനപ്പുറം നീളില്ല. ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. തനിക്കുവേണ്ടി ആരും കാത്തുനിൽക്കുന്നതും ഇഷ്ടമല്ല. ചിലരെങ്കിലും ഡ്രിൽ മാസ്റ്ററായി തെറ്റിദ്ധരിച്ചിരുന്നു. യഥാർത്ഥത്തിൽ ഹൈസ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്നു. ചില കോളേജ് അദ്ധ്യാപകരും എഴുത്തുകാരുമൊക്കെ സംശയനിവൃത്തിക്കായി ഹസൻസാറിനെ ആശ്രയിച്ചിരുന്നു. അതൊന്നും അദ്ദേഹം ആരോടും പറയാറില്ല.
എല്ലാവർക്കും പ്രിയങ്കരനാണെങ്കിലും ചിലപ്പോൾ അസാധാരണത്വവും കാട്ടും. ഒരിക്കൽ തേങ്ങവെട്ടുന്നയാളോട് പലകുറി വരാൻ പറഞ്ഞു. കാര്യം നടന്നില്ല. ഒരാഴ്ചകഴിഞ്ഞ് അയാൾ വരുമ്പോൾ തെങ്ങിൽകയറി തേങ്ങയെല്ലാം വെട്ടി അസൽ തേങ്ങവെട്ടുകാരന്റെ വേഷത്തിൽ ഹസൻസാർ പുഞ്ചിരിച്ചുനിൽക്കുന്നു. അന്ന് പ്രഭാതനടത്തം മുടങ്ങിയതിൽ ലേശം കോപമുണ്ടായിരുന്നു മുഖത്ത്. കവിതയാണ് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം. വൈകുന്നേരമാകുമ്പോൾ നാട്ടിലെ വായനശാലയിൽ സുഹൃത്തുക്കൾ സംഗമിക്കും. ഒരു മണിക്കൂർ ലൈബ്രേറിയനായി സേവനം. വായന കൊഴുപ്പിക്കാനാണ് ഈ സേവനം. ആ വായനശാലയിലെ വിപുലമായ പുസ്തകശേഖരത്തിൽ അദ്ദേഹം വായിക്കാത്തവ കുറവ്. ആ സേവനം കഴിഞ്ഞാൽ പിന്നെ ചെസ് കളിയാണ്. രാത്രി എട്ടരവരെ നീളും. മക്കളോട് പഠിക്കാൻ പറയാറില്ല. ശാസനയില്ല, തല്ലാറുമില്ല. എന്നിട്ടും രണ്ട് ആൺമക്കളിൽ ഒരാൾ ഡോക്ടർ, മറ്റേയാൾ എൻജിനീയറായി വിദേശത്ത്. മകൾ അച്ഛന്റെ പാത സ്വീകരിച്ച് മലയാളം അദ്ധ്യാപിക.
ദൂരസ്ഥലങ്ങളിൽ നിന്ന് ചിലർ ഹസൻസാറിനെ തേടിവരാറുണ്ട്. പരിചയപ്പെട്ടുവരുമ്പോൾ സാർ ചിരിച്ചുപോകും. പലരും പറയാറുണ്ടത്രേ ഓട്ടത്തിൽ ഹസൻ സാറിനെ  ജയിച്ചാൽ പൊലീസിലോ പട്ടാളത്തിലോ ജോലി ഉറപ്പെന്ന്. ചിലർ പഴയകാലകവിതകളുടെ പാഠഭേദം തിരക്കിയാവും വരിക. പരന്ന വായന ജാതി -മത - രാഷ്ട്രീയഭേദങ്ങളുടെ വന്മതിൽ ചാടിക്കടക്കാൻ ഹസൻ സാറിനെ സഹായിച്ചുവെന്ന് പലരും പറയാറുണ്ട്.
ചെസ് കളിയിൽ മിക്കവാറും ജയം ഹസൻ സാറിനായിരിക്കും. ഒരുദിവസം കളിയുടെ തന്ത്രങ്ങളും ചിന്തകളും മുറുകവേ സ്വയം പറഞ്ഞത്രേ; ഇന്ന് ഞാനായിരിക്കും തോൽക്കുക. എതിരാളി ജയിക്കുമ്പോൾ സുഖവും സന്തോഷവും അനുഭവിക്കുന്ന പാകത്തിൽ മനസ് രൂപപ്പെടണം. അതാണ് യഥാർത്ഥ ജയം. അതിന്റെ അർത്ഥം പിന്നീടാണ് വ്യക്തമായത്. പിറ്റേന്ന് ഹസൻ സാറിന്റെ പ്രഭാതനടത്തം മുടങ്ങി. കൃത്യമായി ഉണർന്ന് ഓട്ടത്തിനുള്ള വേഷവും ധരിച്ചിരുന്നു. പക്ഷേ ഒരടി നടക്കാനാകാതെ വിഷമിച്ചുനിൽക്കുമ്പോൾ ഡോക്ടറായ മകൻ പരിശോധിച്ചു. ബാപ്പ ഓടിക്കൊണ്ടിരിക്കുകയാണ് ഉമ്മാ, കാലങ്ങൾ കടന്ന്, ലോകങ്ങൾ കടന്ന്...നിമിഷങ്ങൾക്കകം വീട് ജനനിബിഡമായി. തലേന്ന് ചെസ് കളിയിൽ ഹസൻസാർ ജയിപ്പിച്ച സുഹൃത്ത് വിതുമ്പിക്കരഞ്ഞു. തലേന്ന് പരസ്പരം കളിച്ചത് ജീവിതവും മരണവുമായിരുന്നോ?
(ഫോൺ: 9946108220)