
അഹമ്മദാബാദ്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനന്തിരവൾ സോണൽ മോദിക്ക് സീറ്റ് നിഷേധിച്ച് ബിജെപി. ബിജെപി ഗുജറാത്ത് ഘടകം പുറത്തിറക്കിയ സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഇവരുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. മോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദിയുടെ മകളാണ് സോണൽ.
തിരഞ്ഞടുപ്പിൽ പാർട്ടി നേതാക്കളുടെ ബന്ധുക്കളെ മത്സരിക്കുന്നത് സംബന്ധിച്ച് ഗുജറാത്ത് ബിജെപി കഴിഞ്ഞ ദിവസം പുതിയ നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. നിയമം സോണക്കും ബാധകമാണെന്നാണ് ഈ വിഷയത്തിൽ ബിജെപി ഗുജറാത്ത് അദ്ധ്യക്ഷൻ സി.ആർ. പട്ടീലിന്റെ പ്രതികരണം. എന്നാൽ അതേസമയം മോദിയുടെ അനന്തിരവൾ എന്നനിലയിലല്ല ഒരു സാധാരണ ബിജെപി പ്രവർത്തക എന്ന നിലയിലാണ് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലേക്ക് താൻ സീറ്റ് ആവശ്യപ്പെടുന്നതെന്ന് സോണൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞടുപ്പിൽ സീറ്റു ലഭിച്ചില്ലെങ്കിലും താൻ ബിജെപിയുടെ സജീവ പ്രവർത്തകയായിത്തുടരുമെന്നും അവർ വ്യക്തമാക്കി.
ഗുജറാത്തിലെ ന്യായവിലഷോപ്പ് അസോസിയേഷൻ പ്രസിഡന്റാണ് പ്രഹ്ളാദ് മോദി. ഈ സംഭവത്തെ സ്വജനപക്ഷപാതമായി കാണേണ്ടതില്ലെന്നും തങ്ങളുടെ കുടുംബം മോദിയുടെ പേര് സ്വകാര്യ ആവശ്യങ്ങൾക്കായി ഇതുവരെയും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി ആയതിനുശേഷം ഒരിക്കൽപോലും മോദിയെ ഭവനത്തിൽ പോയി താൻ സന്ദർശിച്ചിട്ടില്ലെന്നും പ്രഹിളാദ് മോദി പറഞ്ഞു.
അറുപത് വയസ് കഴിഞ്ഞവർക്കും മൂന്ന് തവണ കൗൺസിലറായവർക്കും സീറ്റ് നൽകേണ്ടതില്ലായെന്നാണ് ബിജെപിയുടെ പുതിയ നിർദേശം. ഫെബ്രുവരി 21 നാണ് ഗുജറാത്തിലെ ആറ് മുനിസിപ്പൽ കോർപ്പറേഷനിലേക്കുളള തിരഞ്ഞെടുപ്പ് നടക്കുന്നത്. 231 താലൂക്കുകളിലേക്കും 81 മുൻസിപ്പാലിറ്റികളിലേക്കും 31 ജില്ലാപഞ്ചായത്തുകളിലേക്കുമുളള തിരഞ്ഞടുപ്പ് ഫെബ്രുവരി 28 ന് നടക്കും.