
തിരുവനന്തപുരം: പ്രമുഖ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ട്വീറ്റു ചെയ‌്തത് ആഗോളതലത്തിൽ ചർച്ചയായിരുന്നു. ഇതിനെ തുടർന്ന് ഗ്രേറ്റയുടെ ട്വീറ്റിൽ, ക്രിമിനൽ ഗൂഢാലോചന, വിവിധ വിഭാഗങ്ങൾക്കിടയിൽ ശുത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഡൽഹി പൊലീസ് സൈബർ സെൽ കേസെടുക്കുകയും ചെയ‌്തു. ട്വീറ്റിനൊപ്പമുള്ള ടൂൾ കിറ്റിലെ രേഖകൾക്ക് ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞെുവെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം, ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഒരു മലയാളിയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ആദർശ് പ്രതാപാണ് കഴിഞ്ഞ ഒന്നരവർഷമായി ഗ്രേറ്റ തുൻബർഗിന്റെ ഫേസ്ബുക്ക് പേജ് നിയന്ത്രിക്കുന്നത്. എന്നാൽ താനാണ് കർഷകസമരത്തെ കുറിച്ച് ഗ്രേറ്റയ‌്ക്ക് വിവരം നൽകുന്നതെന്ന് തെറ്റിദ്ധരിച്ച് ധാരാളം ഭീഷണികൾ വരുന്നതായി ആദർശ് പറയുന്നു. ഗ്രേറ്റയുടെ അഭിപ്രായം മാത്രമാണ് ഫേസ്ബുക്ക് പേജിൽ നൽകുന്നതെന്നും, അതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ആദർശ് വ്യക്തമാക്കുന്നു.
സമരകേന്ദ്രത്തിൽ ഇന്റർനെറ്റ് റദ്ദാക്കിയ സി.എൻ.എൻ വാർത്ത പങ്കുവച്ചും സമരത്തെ പിന്തുണച്ചുമാണ് ഫെബ്രുവരി 3ന് ഗ്രേറ്റ ട്വീറ്റ് ചെയ്‌തത്. എങ്ങനെ സമരത്തെ പിന്തുണയ്ക്കാമെന്ന ടൂൾ കിറ്റാണ് ഗ്രേറ്റയുടെ ട്വീറ്രിനൊപ്പണ്ടായിരുന്നത്. ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുക, കർഷക സമരത്തെ അനുകൂലിച്ച് തുടർച്ചയായി ട്വീറ്റ് ചെയ്യുക, പ്രകടനങ്ങളും മറ്റും സംഘടിപ്പിക്കുക, സമരത്തിന് പിന്തുണ തേടി ജനപ്രതിനിധികൾക്ക് ഇ-മെയിൽ അയയ്‌ക്കുക തുടങ്ങിയവയും വാർത്തകളും രേഖകളുമാണ് ഈ ടൂൾ കിറ്റുകളിലുള്ളത്.
ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് പൊലീസിന്റെ ആരോപണം. എഫ്.ഐ.ആറിൽ ഗ്രേറ്റയുൾപ്പെടെ ആരുടെയും പേരില്ലെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ കമ്മിഷണർ അറിയിച്ചു. ടൂൾ കിറ്റിന്റെ സ്രഷ്‌ടാക്കൾക്കെതിരെയാണ് കേസ്. പ്രകോപനപരവും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതുമായ 300ലേറെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ കണ്ടെത്തി.
ഖാലിസ്ഥാൻ ബന്ധം: അമേരിക്കൻ സഹായം തേടി ഇന്ത്യ
ന്യൂഡൽഹി: യു.എസ് കേന്ദ്രീകരിച്ചുള്ള ഖാലിസ്ഥാനി സംഘടനയായ സിക്ക്സ് ഫോർ ജസ്റ്റിസിനെതിരെ അന്വേഷണം നടത്താൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടി. ആഗോളതലത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ കർഷക സമരത്തെ അനുകൂലിച്ചുള്ള പ്രചാരണം നടക്കുകയും അന്താരാഷ്ട്ര ഗൂഢാലോചന ആരോപിച്ച് ഡൽഹി പൊലീസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.
കർഷക സമരത്തിൽ സംഘടനയുടെ പങ്കിനെക്കുറിച്ച് എൻ.ഐ.എ അന്വേഷണം നടത്തുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കർഷക സമര നേതാക്കൾക്ക് ഉൾപ്പെടെ നോട്ടീസ് നൽകിയിരുന്നു.