jaleel

കത്വ-ഉന്നാവോ ഫണ്ട് തിരിമറി വിവാദത്തിൽ ലീഗ് നേതൃത്വത്തിനെതിരെ വിമർശനവുമായെത്തിയ മന്ത്രി കെ ടി ജലീലിന് മറുപടിയുമായി പി കെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ്. ജലീലിന് അതേ നാണയത്തിൽ മറു ചോദ്യങ്ങൾ ഉന്നയിച്ചാണ് ഫിറോസ് രംഗത്തെത്തിയിരിക്കുന്നത്.

വാട്‌സാപ്പ് ഹർത്താലിൽ താനൂരിൽ തകർക്കപ്പെട്ട കടകളുടെ പുനർ നിർമ്മാണത്തിന് മന്ത്രി ഒരു പിരിവ് നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നുവെന്നും ആറു ലക്ഷം രൂപ പിരിഞ്ഞു കിട്ടിയതായി അദ്ദേഹം തന്നെ ആ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നുവെന്നും പറയുന്ന ഫിറോസ് അതു സംബന്ധിച്ച അ‌ഞ്ച് ചോദ്യങ്ങളാണ് ജലീലിനോട് ചോദിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കത്വ-ഉന്നാവോ കുടുംബ സഹായ ഫണ്ടിനെ സംബന്ധിച്ച് ഡോ. കെ.ടി ജലീൽ ഉന്നയിച്ച ആരോപണത്തിന് മറുപടിയായി യൂത്ത് ലീഗ് ദേശീയ ഭാരവാഹികൾ പത്ര സമ്മേളനം നടത്തുകയും വരവ് ചെലവ് കണക്കുകൾ മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു. ദേശീയ തലത്തിൽ യൂത്ത് ലീഗ് നടത്തിയ ഇടപെടലുകൾ ജനങ്ങളെ അറിയിക്കാൻ ഒരവസരം കൂടി ലഭിച്ചു എന്നതാണ് ഇതു കൊണ്ടുണ്ടായ നേട്ടം. ഇനി ചോദ്യം കെ.ടി ജലീലിനോടാണ്. 2018 ഏപ്രിൽ 18ന് അങ്ങയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വാട്‌സ്ആപ്പ് ഹർത്താലിൽ താനൂരിൽ തകർക്കപ്പെട്ട കടകളുടെ പുനർ നിർമ്മാണത്തിന് ഒരു പിരിവ് നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. ആറു ലക്ഷം രൂപ പിരിഞ്ഞു കിട്ടിയതായി ആ പോസ്റ്റിൽ തന്നെ താങ്കൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. മറ്റു പലരും തുക വാഗ്ദാനം ചെയ്തതായും അവകാശപ്പെടുകയും ചെയ്തു. ചോദ്യമിതാണ്.

1.പ്രത്യേക ആവശ്യത്തിന് പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങി അതിലേക്ക് മാത്രമേ പണം ശേഖരിക്കാൻ പാടുള്ളൂ എന്ന് താങ്കൾ തന്നെ പറഞ്ഞ സാഹചര്യത്തിൽ ഏത് ബാങ്കിലെ എക്കൗണ്ടിലേക്കാണ് അങ്ങ് പണം ശേഖരിച്ചത് എന്ന് വ്യക്തമാക്കാമോ?

2. കേരളത്തിലെ ഒരു മന്ത്രിയായ താങ്കൾ നടത്തിയ പിരിവിൽ മണിക്കൂറുകൾക്കുള്ളിൽ 6 ലക്ഷം കിട്ടിയെങ്കിൽ എത്ര രൂപയാണ് മൊത്തം പിരിച്ചത്?

3. പിരിച്ച പൈസ ആർക്കൊക്കെ വേണ്ടിയാണ് വിനിയോഗിച്ചത്?

4. ആർക്കൊക്കെയാണ് പണം നൽകിയത് എന്ന കാര്യം എന്ത് കൊണ്ടാണ് നാളിതുവരെ വ്യക്തമാക്കാതിരുന്നത്?

5. പണം ആർക്കെങ്കിലും നൽകിയിട്ടുണ്ടെങ്കിൽ കൊടുത്തത് പണമായിട്ടാണോ ചെക്കായിട്ടാണോ? ഇതു സംബന്ധിച്ച് വാർത്താ സമ്മേളനം നടത്തി വരവ് ചെലവ് കണക്കുകൾ പുറത്തു വിടുമെന്ന പ്രതീക്ഷയോടെ തൽക്കാലം നിർത്തുന്നു.

കത്വ-ഉന്നാവോ കുടുംബ സഹായ ഫണ്ടിനെ സംബന്ധിച്ച് ഡോ. കെ.ടി ജലീൽ ഉന്നയിച്ച ആരോപണത്തിന് മറുപടിയായി യൂത്ത് ലീഗ് ദേശീയ ഭാരവാഹികൾ...

Posted by PK Firos on Thursday, February 4, 2021