
തിരുവനന്തപുരം: സർക്കാർ വാടകയ്ക്കെടുത്ത്, കാര്യമായ ഉപയോഗമില്ലാതെ വെറുതേയിട്ടിരിക്കുന്ന ഹെലികോപ്ടർ, കഴിഞ്ഞ 10 മാസത്തിനുള്ളിൽ ചോർത്തിയത് 17 കോടിയിലേറെ രൂപ. പ്രതിമാസം 1.70 കോടി രൂപ നൽകി പവൻ ഹാൻസ് ലിമിറ്റഡിൽ നിന്ന് വാടകയ്ക്കെടുത്ത ഹെലികോപ്ടർ മാവോയിസ്റ്റ് വേട്ടയ്ക്കോ ദുരന്തനിവാരണത്തിനോ രക്ഷാദൗത്യങ്ങൾക്കോ പറ്റിയതല്ല. അതിനൊക്കെ വേണ്ടിയെന്നായിരുന്നു അവകാശവാദം. മഴപെയ്താലോ കാറ്റുവീശിയാലോ പറക്കില്ല. കുടുങ്ങിപ്പോയവരെ എയർലിഫ്‌റ്റ് ചെയ്യാനുമാവില്ല. കഴിഞ്ഞ ഏപ്രിലിൽ തിരുവനന്തപുരത്തെത്തിയ കോപ്ടർ ഇതുവരെ പറന്നത് എട്ടുവട്ടം! തിരുവനന്തപുരം വിമാനത്താവളത്തിൽ വിശ്രമത്തിലുള്ള കോപ്ടറിന് പറന്നാലും ഇല്ലെങ്കിലും വാടകയിൽ കുറവില്ല.
മാവോയിസ്റ്റ് വേട്ടയ്ക്ക് അനിവാര്യമെന്നറിയിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടപ്പോഴാണ് കോപ്ടർ വാടകയ്ക്കെടുത്തത്. ഒരുതവണ മാവോയിസ്റ്റ് നിരീക്ഷണം നടത്തിയപ്പോൾത്തന്നെ ഈ വാദം ചീറ്റി. കോപ്ടറിൽ നിന്ന് കാണാനാവുക വനത്തിനു മുകളിലെ പച്ചപ്പ് മാത്രം. ഉൾവനത്തിലുള്ള മാവോയിസ്റ്റുകളെ കാണാനാവില്ല. കോപ്ടറിന്റെ ശബ്ദംകേട്ട് മാവോയിസ്റ്റുകൾക്ക് ഒളിക്കാമെന്നുമാത്രം. സീറ്റുകൾ മാറ്റി എയർലിഫ്‌റ്റിംഗ് സാധിക്കുമെന്നാണ് കമ്പനി പറയുന്നതെങ്കിലും വൈദഗ്ദ്ധ്യമുള്ള ജീവനക്കാരില്ല. എല്ലാ കാലാവസ്ഥയിലും രാത്രിയിലും പറക്കാനാവുമെന്ന് അവകാശപ്പെട്ടെങ്കിലും മഴയും കാറ്റുമുള്ളപ്പോൾ പറക്കാനാവില്ലെന്നും കാഴ്ചപരിധി കുറയുമെന്നും ഇപ്പോൾ പറയുന്നു. വി.വി.ഐ.പികൾക്ക് ചുറ്റിക്കറങ്ങാനും വ്യോമനിരീക്ഷണത്തിനും യാത്രാആവശ്യങ്ങൾക്കുമേ ഇതുപയോഗിക്കാനാവൂ.
1.70കോടിക്ക് മൂന്ന് കോപ്ടർ നൽകാമെന്ന് ബംഗളൂരുവിലെ ചിപ്‌സൺ ഏവിയേഷൻ വാഗ്ദാനം ചെയ്തിരുന്നതാണ്. അത്രയും കേരളം നൽകുന്ന കോപ്ടറിന് ഛത്തീസ്ഗഡിൽ 85 ലക്ഷമേ വാടകയുള്ളൂ. അവയവങ്ങൾ കൊച്ചിയിലെത്തിക്കാൻ ഒരുലക്ഷം രൂപയീടാക്കി വ്യോമസേന ഹെലികോപ്ടർ വിട്ടുനൽകാറുണ്ട്. ഓഖി-പ്രളയകാലത്ത് വ്യോമനിരീക്ഷണത്തിനും സേനാഹെലികോപ്ടറാണ് ഉപയോഗിച്ചത്. കോപ്ടറിന്റെ ഉപയോഗം, ചെലവ് വിവരങ്ങൾ വെളിപ്പെടുത്തില്ല. പൊലീസ് ആസ്ഥാനത്തെ കോൺഫിഡൻഷ്യൽ ബ്രാഞ്ചാണ് ഇത് കൈകാര്യംചെയ്യുന്നത്. അതിനാൽ വിവരാവകാശനിയമപ്രകാരം ലഭിക്കില്ലെന്നാണ് മറുപടി.
കോപ്ടർ
ഫ്രഞ്ച് നിർമ്മിത 11സീറ്റുള്ള ഇരട്ടഎൻജിൻ എ.എസ് 365 ഡൗഫിൻ-എൻ
 മാസം 20മണിക്കൂർ പറക്കാൻ നികുതിയടക്കം 1,70,63,000രൂപ
 20മണിക്കൂറിൽ കൂടിയാൽ മണിക്കൂറിന് 67,926രൂപ വീതം അധികം
 2പൈലറ്റുമാരും മെയിന്റനൻസ് ജീവനക്കാരുമടക്കം എട്ടുപേർ
ചില യാത്രകൾ
മേയ് 9നും ജൂലായ് 21നും അവയവമാറ്റത്തിനുള്ള ഹൃദയവുമായി കോപ്ടർ കൊച്ചിയിലേക്ക് പറന്നു.
മാവോയിസ്റ്റുകളെ നിരീക്ഷിക്കാൻ കോഴിക്കോട്ടെത്തിച്ചെങ്കിലും മഴയും കാറ്റും കാരണം പറന്നില്ല
വിരമിക്കുന്നതിന്റെ തലേന്ന് ടോംജോസ് ഡി.ജി.പി ബെഹ്റയുമൊത്ത് പമ്പയിലേക്ക് വിവാദയാത്ര