lost-in-antarctica

നമുക്ക് പ്രിയപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടുന്നത് ഏതൊരാളെ സംബന്ധിച്ചും വിഷമം ഉളവാക്കുന്നകാര്യമാണ്. എന്നാൽ നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ കിട്ടുമ്പോഴുണ്ടാകുന്ന ആനന്ദമാകട്ടെ അതിലേറെയും. അതും 53 വർഷങ്ങൾക്ക് മുമ്പ് അന്റാർട്ടികയിൽ വെച്ച് നഷ്ടപ്പെട്ടുപോയതാണെങ്കിലോ ആനന്ദത്താലേറെ അത്ഭുതവും ഉണ്ടാകും. കാലിഫോർണിയയിലെ സാന്റിയാഗോയിൽനിന്നുളള പൗൾ ഗ്രിഷമിനാണ് ഇത്തരമൊരു അസുലഭ സൗഭാഗ്യം കൈവന്നിരിക്കുന്നത്.

ഇപ്പോൾ തൊണ്ണൂറ്റിയൊന്ന് വയസുളള ഗ്രിഷമിന് 53 വർഷങ്ങൾക്ക് മുമ്പ് അന്റാർട്ടികയിൽ വെച്ച് നഷ്ടപ്പെട്ടുപോയ തന്റെ പേഴ്‌സാണ് തിരിച്ചുകിട്ടിയിരിക്കുന്നത്. 1967 ൽ അന്റാർട്ടിക്കയിൽ യുഎസ് നേവിയിലെ മെട്രോളജിസ്റ്റായി ജോലിനോക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പേഴ്‌സ് നഷ്ടമായത്. 53 വർഷങ്ങൾക്കിപ്പുറം ഇത് തിരിച്ചുകിട്ടുമ്പോൾ അതിനുളളിൽ ഗ്രിഷമിന്റെ നേവൽ ഐ.ഡി., ഡ്രൈവിംഗ് ലൈസൺസ്, ആദായനികുതിയുമായി ബന്ധപ്പെട്ട രേഖകൾതുടങ്ങിയവ ഉണ്ടായിരുന്നു. ഭൂമിയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന മക്‌മൊർഡോ സ്‌റ്റേഷനിലെ ഒരു കെട്ടിടം പൊളിക്കുന്നതിനിടെ അവിടുത്തെ ലോക്കറിനു പിന്നിൽ നിന്നായിരുന്നു പേഴ്‌സ് തിരിച്ചു കിട്ടിയത്. ഗ്രിഷമ് പതിമൂന്ന് വർഷം അന്റാർട്ടിക്കയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മക്‌മൊർഡോ സ്‌റ്റേഷൻ കെട്ടിടം പൊളിക്കുന്നതിനിടയിൽ രണ്ട് പേഴ്‌സുകളാണ് അധികൃർക്ക് ലഭിച്ചത്. അതിൽ ഒന്ന് പൗളിന്റേയും മറ്റൊന്ന് പൗൾ ഹവാർഡ് എന്നൊരാളുടേതുമായിരുന്നു. കണ്ടുകിട്ടിയപേഴ്‌സ് സ്വീകരികരിക്കാനുളള ഭാഗ്യം ഗ്രിഷമിന് ലഭിച്ചെങ്കിലും ഹവാർഡിന് അത് ലഭിച്ചില്ല. കാരണം അദ്ദേഹം 2016ൽ അന്തരിച്ചിരുന്നു.