
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം കോൺഗ്രസിന് ഏറ്റവുമധികം സംഭവാന നൽകിയത് മുതിർന്ന നേതാവ് കപിൽ സിബൽ. മൂന്ന് കോടി രൂപയാണ് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ പാർട്ടിക്ക് വേണ്ടി നൽകിയത്. സോണിയ ഗാന്ധി അമ്പതിനായിരം രൂപയും രാഹുൽ ഗാന്ധിയും മൻമോഹൻ സിംഗും 54000 രൂപയുമാണ് പാർട്ടിക്കായി നൽകിയത്. 2019-20ലെ വരുമാന സ്രോതസുകളെപ്പറ്റി തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുളളത്.
കോൺഗ്രസ് പാർട്ടിയിൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യമായി ഏറ്റവും കൂടുതൽ ശബ്‌ദമുയർത്തിയ നേതാവാണ് കപിൽ സിബൽ. കഴിഞ്ഞ വർഷമാണ് പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് ആഭ്യന്തര തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് 23 കോൺഗ്രസ് നേതാക്കൾ കത്തെഴുതിയത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിന്റെ പേരിൽ പല തവണയാണ് കപിൽ സിബൽ പാർട്ടിക്കെതിരെ ആഞ്ഞടിച്ചത്. അതിനിടെയാണ് അദ്ദേഹം നൽകിയ സംഭാവന വിവരങ്ങൾ പുറത്തുവരുന്നത്.
2019-20ൽ കോൺഗ്രസിന് ആകെ ലഭിച്ച 139 കോടി രൂപ മുൻ വർഷത്തെ വരുമാനത്തേക്കാൾ കുറവാണ്. കഴിഞ്ഞ വർഷം 146 കോടി രൂപയാണ് സംഭാവനയിനത്തിൽ പാർട്ടിക്ക് ലഭിച്ചത്. ഈ വർഷം ആകെ ലഭിച്ച 139 കോടിയിൽ 31 കോടി രൂപ ഭാരതി എയർടെല്ലിന്റെ ഭാഗമായ പ്രൂഡന്റ് ഇലക്‌ട്രൽ ട്രസ്റ്റിൽ നിന്നാണ് ലഭിച്ചിട്ടുളളത്. 13 കോടി രൂപ ഐ ടി സിയിൽ നിന്നും പാർട്ടിക്ക് ലഭിച്ചു. ഐ ടി സിയുടെ തന്നെ അനുബന്ധ സ്ഥാപനങ്ങളായ ഐ ടി സി ഇൻഫോടെക്, റസൽ ക്രെഡിറ്റ് ലിമിറ്റഡ് എന്നിവ യഥാക്രമം നാല് കോടിയും 1.4 കോടി രൂപയും പാർട്ടിക്ക് സംഭാവനയായി നൽകിയിട്ടുണ്ട്.