
പ്രകൃതിസുന്ദരമായ ഒരു മലയോരഗ്രാമത്തിൽ വച്ചാണ് സാക്ഷരതാപ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കുന്ന പാർവതിയെ സുഷമ പരിചയപ്പെടുന്നത്. നഗരഹൃദയത്തിൽ വസിക്കുന്ന പാർവതിക്ക് ആ ഗ്രാമവും ഭൂപ്രകൃതിയും അവിടത്തെ ആളുകളെയും വലിയ ഇഷ്ടമായി. ശുദ്ധവായു, ശുദ്ധജലം, ശുദ്ധവെളിച്ചം. ഈ പ്രകൃതിയോടും ദൈവത്തോടും ഇവിടെയുള്ളവർ ഓരോ ദിവസവും എത്രവട്ടം നന്ദി പറയണം. നഗരപ്രാന്തത്തിലുള്ള ഒരു ചെറുപട്ടണത്തിലാണ് സുഷമ ജനിച്ചു വളർന്നത്. കടിച്ചാലും കടിച്ചാലും കൊതിതീരാത്ത കൊതുകുകൾ. അഴുക്കുചാലുകളിൽ കയറിയിറങ്ങി വരുന്ന മലിനമായ കാറ്റ്. മലയോരഗ്രാമത്തിൽ നിന്ന് രവിയുടെ കല്യാണ ആലോചന വന്നപ്പോഴേ സുഷമ മനസ് കൊണ്ട് ആ സ്ഥലത്തെ ഇഷ്ടപ്പെട്ടു. കല്യാണം കഴിഞ്ഞുവന്നപ്പോൾ കൂടുതലിഷ്ടമായി. ഡിഗ്രി ഒന്നാം ക്ലാസോടെ പാസായിട്ടും കൃഷിയിൽ ഉറച്ചു നിൽക്കുന്ന രവിയോട് ആരാധനയായിരുന്നു. ഭൂപ്രകൃതിയെപ്പോലെ സുന്ദരമായിരുന്നു ഭർത്താവിന്റെ സ്നേഹപ്രകൃതിയും സാക്ഷരതാക്യാമ്പിന്റെ ഇടവേളകളിൽ പാർവതിയും സുഷമയും പ്രകൃതിയുടെ വരദാനങ്ങളെയും സൗന്ദര്യത്തെയും കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.
ജനിച്ചനാട്... അതിനോളം സൗന്ദര്യവും ആരാധനയും മറ്റൊരു സ്ഥലത്തോടും തോന്നില്ല. ഊട്ടിയിൽ പോയി ഒരാഴ്ച ഉല്ലസിക്കാൻ തോന്നും. മറ്റെല്ലാം മറക്കും. അവിടെ ജനിച്ചിരുന്നെങ്കിൽ! അവിടെ ജനിച്ചവർ എത്ര പുണ്യം ചെയ്തവർ എന്നൊക്കെ ചിന്തിച്ചെന്നുവരും. പക്ഷേ ആഴ്ചകൾ നീളുമ്പോൾ ജനിച്ച നാടും വീടും വിളിച്ചുതുടങ്ങും. മടങ്ങണമെന്നും ചിന്തിക്കും. അതാണ് ജന്മനാടിന്റെ ഒരു ആകർഷണം. സാക്ഷരതാ പ്രവർത്തനവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും പോകാറുള്ള പാർവതിയുടെ വിലയിരുത്തലുകളോട് സുഷമയും യോജിച്ചു.
സുഷമയെ കല്യാണം കഴിച്ചുകൊണ്ടുവരുമ്പോൾ ആ മലയോരഗ്രാമത്തിൽ വായനശാലയുണ്ടായിരുന്നില്ല. നാട്ടിൽ പോയിവരുമ്പോൾ അച്ഛന്റെ പുസ്തകശേഖരത്തിലെ കുറേ പുസ്തകങ്ങൾ സുഷമ കൊണ്ടുവരുമായിരുന്നു. കർഷകഗ്രാമത്തിൽ ഒരു വായനശാല... രവിക്കും അതിനോട് യോജിപ്പായിരുന്നു. അങ്ങനെ 'മലയോരം" വായനശാല പിറന്നു. കൂടുതൽ പുസ്തകങ്ങളുമായി അത് വളർന്നു. ഇപ്പോൾ ഒരു തയ്യൽ പരിശീലനക്ലാസും സംഗീത നൃത്തക്ലാസും നടക്കുന്നു. ഒരാൾ വിചാരിച്ചാലും ചെറിയ മാറ്റങ്ങൾ വരുത്താനാകും അല്ലേ? സുഷമയുടെ പ്രവർത്തനങ്ങളെ പാർവതി ശരിക്കും അഭിനന്ദിച്ചു.
തനിക്കൊരു ദുഃഖം കൂടിയുണ്ട് എന്ന് സുഷമ പറഞ്ഞപ്പോൾ പാർവതിക്ക് ആകാംക്ഷയായി. ഈ സുന്ദരമായ സ്ഥലത്ത് ജീവിക്കാൻ കഴിയുന്നതല്ലേ ഭാഗ്യം. എന്താണ് ദുഃഖം? മറ്റാരോടും പറയാത്ത ചില ചിന്തകൾ സുഷമ പങ്കുവച്ചു. ഈ മലയോര ഗ്രാമം സുന്ദരമാണ്. പ്രകൃതിയും അന്തരീക്ഷവുമെല്ലാം. പക്ഷേ ഇവിടെ പാപചിന്തകളും പനപോലെ വളരുന്നു. ചെറിയൊരു വിഭാഗമാണെങ്കിലും ഭാര്യാ ഭർത്താക്കന്മാർ പരസ്പരം വഞ്ചിക്കാൻ തുടങ്ങിയിരിക്കുന്നു. അത് കൂടിക്കൂടി വരുന്നു. കോടമഞ്ഞ് പോലെ അത് വീടുകളിലെ വെളിച്ചത്തെ മറയ്ക്കുന്നു. പരസ്ത്രീബന്ധവും പരപുരുഷബന്ധവും പാപമല്ലെന്ന തോന്നൽ പല ഹൃദയങ്ങളെയും കീഴടക്കുന്നു. അത് എന്റെയും എന്റെ ഭർത്താവിന്റെയും ഹൃദയത്തെ എന്നെങ്കിലും കീഴടക്കിക്കളയുമോ എന്ന ആശങ്ക, ഉത്കണ്ഠ ഉറക്കം കെടുത്തുന്നു. ഉത്സാഹം കെടുത്തുന്നു. സുഷമ ഗദ്ഗദകണ്ഠയായി. പാർവതി ആശ്വസിപ്പിച്ചു. ഇല്ല, ഒരിക്കലുമില്ല. ശവം നാറിപ്പൂക്കളുടെ ഗന്ധം ചന്ദനമരത്തിന്റെ മണത്തെ കീഴടക്കുമോ? മലയിറങ്ങി വന്ന കാറ്റിന് അപ്പോൾ ചന്ദനമരച്ച മണമായിരുന്നു.
(ഫോൺ : 9946108220)