
ദിനംപ്രതി മോഡിഫിക്കേഷന്റെ പേരിൽ നിരവധി വിവാദങ്ങളാണ് കേരളത്തിൽ പൊട്ടിപ്പുറപ്പെടുന്നത്. ഇതിന്റെ പേരിൽ വാഹന പ്രേമികളും മോട്ടോർവാഹന വകുപ്പും തമ്മിൽ നിരത്തിലും സോഷ്യൽ മീഡിയയിലും വാക്‌പോർ നടക്കുകയുമാണ്. എന്നാൽ ഭൂരിഭാഗം വാഹനപ്രേമികൾക്കും മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളെപ്പറ്റി വ്യക്തമായ ധാരണയില്ലെന്നതാണ് സത്യം.
എന്താണ് മോഡിഫിക്കേഷനെന്നാൽ വാഹന നിർമാതാക്കൾ നൽകിയിട്ടുളള സ്‌പെസിഫിക്കേഷനിലോ വാഹനത്തിന്റെ പുറം കാഴ്ചയിലോ രൂപഘടനയിലോ മാറ്റം വരുത്തിയാൽ അത് മോഡിഫിക്കേഷൻ ആണ്. മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് വാഹനപ്രേമികൾക്ക് ഏറ്റവും കൂടുതൽ സംശയം ഉണ്ടാകാറുളളത് ടയർ അപ്സെെസ് ചെയ്യുന്നതിലും അലോയ് വീൽ ഉപയോഗിക്കുന്നതിലുമാണ്. ഇതുരണ്ടിലും നിയമപരമായി ചില മോഡിഫിക്കേഷനുകൾ അനുവദനീയമാണ്. അത് എന്തെല്ലാമാണെന്ന് നോക്കാം.
ടയർ അപ്‌സൈസ് ചെയ്യാം
വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ടോപ് മോഡലിന്റെ ടയർ സൈസിലേക്ക് ബേസ് വേരിയന്റിന്റെ ടയർ അപ് സൈസ് ചെയ്യുന്നതിൽ തെറ്റില്ല. കാരണം, ഉയർന്ന മോഡലിന്റെ ടയർ സൈസ് പ്രകാരം ടെസ്റ്റിങ് ഏജൻസിയുടെ അംഗീകാരം ആ വാഹനത്തിന് ലഭിച്ചതാണ്. പുറത്തേക്കു തളളിനിൽക്കുന്ന ടയറുകൾ റോഡിൽ ഉപയോഗിക്കുന്നത് കുറ്റകരമാണ്. വീതി കൂടിയ ടയറുകൾ ഉപയോഗിക്കുമ്പോൾ, പുറത്ത് തളളിനിൽക്കുന്ന രീതിയിലുളള മഡ് ഫാപ്പുകൾ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. റേസ്, മഡ് ട്രാക്കുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ റോഡിൽ ഓടിക്കുമ്പോൾ റേസ്, മഡ് വീലുകൾ അഴിച്ചുമാറ്റി സാധാരണ വീലുകൾ ഘടിപ്പിക്കണം.
അലോയ് വീൽ
ഒരു മോഡലിന്റെ ടോപ് വേരിയന്റിൽ ഉപയോഗിക്കുന്ന അലായ് 16 ഇഞ്ചിന്റേതും ബേസ് വേരിയന്റിൽ 14 ഇഞ്ച് ഡിസ്‌കുമാണെങ്കിൽ ബേസ് മോഡലിൽ 16 ഇഞ്ച് അലോയ് ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റില്ല. എന്നാൽ പുറത്തേക്കു തളളിനിൽക്കുന്ന വിധത്തിൽ ആകരുത്. വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന അലോയിയുടെ ഗുണനിലവാരം കമ്പനി സാക്ഷ്യപ്പെടുത്തിയതാണ്. പുറത്തുനിന്നു വാങ്ങുമ്പോൾ ക്വാളിറ്റി ഉറപ്പുവരുത്താൻ കഴിയില്ല. ഇത്തരത്തിൽ മാറ്റിവയ്ക്കപ്പെട്ട അലോയ് വീൽ കല്ലിൽ ഇടിച്ചു പൊട്ടി ടയർ പൊട്ടിയാണ് അപകട മുണ്ടാകുന്നതെങ്കിൽ ഇൻഷ്വറൻസ് ക്ലെയിം പോലും നിരസിക്കപ്പെട്ടേക്കാം.