
മുഖം മനസിന്റെ കണ്ണാടി എന്ന പഴഞ്ചൊല്ലിനെ അപ്രസക്തമാക്കുന്ന ഒരു സംഭവമാണ് ഇനി പറയുന്നത്. ഒരാളുടെ മുഖം നോക്കിയാൽ അയാളുടെ മനസ്സിലിരിപ്പ് കൃത്യമായി വിലയിരുത്താൻ കഴിയും എന്നാണ് പഴമക്കാർ പറയുന്നത്. മനുഷ്യന്റെ ഉള്ളിലെ ഓരോ വികാരങ്ങളും മുഖത്ത് കൃത്യമായി അറിയുന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള ചൊല്ല് ഇപ്പോഴും പ്രസക്തമാകുന്നത്. ചുരുക്കിപ്പറഞ്ഞാൽ, മുഖം നോക്കി മറ്റൊരാളുടെ ചിരി പോലും മനസ്സിലാക്കാൻ നമുക്ക് സാധിക്കും എന്നതാണ് പരമാർത്ഥം. എന്നാൽ, മുഖമേതെന്ന് പോലും തിരിച്ചറിയാനാകാത്ത വിധത്തിൽ മുഖത്ത് ചിത്രം വരച്ചാൽ എങ്ങനെയുണ്ടാകുമെന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
മുഖത്തെ കാൻവാസാക്കി മാറ്റിയ ഒരു കലാകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മുഖം തന്റെ ക്രിയേറ്റിവ് സ്‌പേസ് ആക്കി മാറ്റിയ ഡെയിൻ യൂൺ എന്ന യുവതിയാണ് വ്യത്യസ്തമായ പരീക്ഷണത്തിലൂടെ ആരാധകരുടെ കൈയടി നേടുന്നത്. ഓരോ ചിത്രങ്ങളും കണ്ടാൽ ത്രി-ഡിയാണോ അതോ റിയലാണോ എന്ന് ചോദിച്ചു പോകും വിധത്തിലാണ് ഈ കലാകാരിയുടെ വര.
ഒപ്റ്റിക്കൽ ഇല്ല്യൂഷൻ
യാഥാർത്ഥ്യത്തിനും മിഥ്യയ്ക്കും ഇടയിലുള്ള അതിർവരമ്പുകളെ പോലും ഇല്ലാതാക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ എന്ന വിദ്യ ഉപയോഗിച്ചാണ് ഡെയിൻ യൂൺ പുതിയ പരീക്ഷണം അവതരിപ്പിച്ചിരിക്കുന്നത്. ഈ പരീക്ഷണം മുഴുവൻ സ്വന്തം മുഖത്ത് തന്നെയാണ് ഡെയിൻ പരീക്ഷിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ ഡെയിൻ തന്റെ മുഖത്ത് പരീക്ഷിച്ച വ്യത്യസ്തമായ പരീക്ഷണങ്ങൾ കണ്ട് സോഷ്യൽ മീഡിയ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇതിൽ യാഥാർത്ഥ്യമേത് മിഥ്യയേത് എന്ന് പോലും തിരിച്ചറിയാനാവാത്ത വിധത്തിൽ വളരെ പെർഫക്ടായാണ് ഓരോ ക്രിയേറ്റീവ് വർക്കുകളും ചെയ്യുന്നത്.
ഫോട്ടോ ഷോപ്പ് വർക്ക്
ഈ ചിത്രങ്ങൾ ആദ്യം കാണുമ്പോൾ ഫോട്ടോ ഷോപ്പ് വർക്ക് ആയിരിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ പതിയെ പതിയെ കാഴ്ച്ചക്കാരുടെ ചിന്താഗതിയെ തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള ക്രീയേറ്റിവിറ്റികളാണ് മുഖത്ത് വിരിയിക്കുന്നത്.
മേക്കപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് വെറും അണിഞ്ഞൊരുങ്ങൽ മാത്രമല്ലെന്നും മേക്കപ്പിന് അനന്തസാദ്ധ്യതകൾ നിരവധിയാണെന്നും ഈ ക്രിയേറ്റിവിറ്റിയിലൂടെ ഡെയിൻ യൂൺ വ്യക്തമാക്കുകയാണ്. ഡെയിൻ തന്നെയാണ് പരീക്ഷണ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
തിയേറ്റർ മേക്കപ്പ് ആർട്ടിസ്റ്റ്
തിയേറ്റർ മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന ഡെയിൻ, പിന്നീട് തിയേറ്റർ ജോലി ഉപേക്ഷിച്ച് ക്രിയേറ്റിവ് വർക്കുകളിലേക്ക് തിരിയുകയായിരുന്നു. എന്ത് കൊണ്ടാണ് ആർട്ടുകൾ ചെയ്യുന്നതിന് ക്യാൻവാസായി മുഖം തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിനും ഡെയിനിന് വ്യക്തമായ ഉത്തരമുണ്ട്. ചെറിയ വികാരങ്ങൾ പോലും മുഖത്താണ് പ്രതിഫലിക്കുക എന്നുള്ളതുകൊണ്ടാണ് മുഖം ക്യാൻവാസാക്കി മാറ്റിയതെന്നാണ് ഡെയിൻ യൂണിന്റെ വാദം. മണിക്കൂറുകൾ ചിലവഴിച്ചാണ് ഇത്തരത്തിൽ ഒരു ആർട്ട് ഉണ്ടാക്കിയെടുക്കുന്നത് എന്നാണ് ഡെയിൻ പറയുന്നത്. ഒരു മേക്കപ്പ് വർക്കിന് ചിലപ്പോൾ 12 മണിക്കൂർ വരെ ചെലവഴിക്കേണ്ടതായി വരാറുണ്ടെന്നും ഡെയിൻ പറയുന്നു.