mala2

തിരുവനന്തപുരം: മണക്കാടും പട്ടത്തും ഇന്നലെ സ്കൂട്ടർ യാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിച്ചത് ഒരേ സംഘമാണെന്ന് തിരിച്ചറിഞ്ഞു. സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവർക്കായുള്ള അന്വേഷണം ശക്തമാക്കി. പൂന്തുറ പൊലീസ് സ്റ്റേഷൻ പരിധിയിലെ മണക്കാട് കരിമ്പുവിള ഭാഗത്ത് ഫർണിച്ചർ ഷോപ്പിന് സമീപം ഇന്നലെ വൈകുന്നേരം 3.45ഓടെയായിരുന്നു ആദ്യസംഭവം. മണക്കാട് ഗവ. ടി.ടി.ഐയിലെ അദ്ധ്യാപികയായ ഗീതയുടെ പന്ത്രണ്ടര പവൻ മാലയാണ് കരിമ്പുവിളയിൽ വച്ച് അപഹരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഇവരെ പിന്തുടർന്ന സംഘം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിടിവലിക്കിടെ സ്കൂട്ട‌ർ നിയന്ത്രണം തെറ്റി മറിഞ്ഞ് ഗീതയ്ക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴോക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. പേരൂർക്കട ഭാഗത്തേക്ക് രക്ഷപ്പെട്ട ഇവർ ആഭാഗത്തെങ്ങും പൊലീസ് പരിശോധനയില്ലെന്ന് മനസിലാക്കി പട്ടം ജ്യോതിനഗർ ഭാഗത്തുവച്ചാണ് ചേങ്കോട്ടുകോണം സ്വദേശിനി അംബികയുടെ അഞ്ചരപവൻ മാലഅപഹരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ അറ്റൻഡറായ അംബിക ചേങ്കോട്ടുകോണത്ത് നിന്ന് മകൾ താമസിക്കുന്ന പട്ടം ജ്യോതി നഗറിലെ വീട്ടിലേക്ക് വരുമ്പോൾ ഇടുങ്ങിയ വഴിയിൽ വച്ച് ബൈക്ക് കുറുകെ നിർത്തിയശേഷമാണ് മാലപൊട്ടിച്ചെടുത്തത്. പിടിവലിയിൽ അംബികയ്ക്കും നിസാരപരിക്കുകളുണ്ട്. രണ്ട് സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പരിന്റെയും സി.സി ടി.വി ദൃശ്യങ്ങളുടെയും സഹായത്തോടെ തിരച്ചിൽ ശക്തമാക്കിയതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വെളിപ്പെടുത്തി.