adi

ആലപ്പുഴ: യുവാവിന്റെ മരണത്തിനിടയാക്കിയ കല്യാണവീട്ടിലെ കൂട്ടയടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. മാവേലിക്കര കോഴിപ്പാലത്തെ വീട്ടിലാണ് കഴിഞ്ഞമാസം 26ന് രാത്രി കൂട്ടയടി നടന്നത്. തലയ്ക്കടിയേറ്റ തട്ടാരമ്പലം സ്വദേശി രഞ്ജിത് എന്ന യുവാവ് ഇക്കഴിഞ്ഞ 30നാണ് മരിച്ചത്. വരന്റെ അച്ഛൻ നെൽസൺ ഉൾപ്പടെ 10പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു.

വിവാഹത്തോടനുബന്ധിച്ചുളള സത്ക്കാരത്തിനിടെയാണ് സംഘർഷമുണ്ടായത്. വരന്റെ അച്ഛൻ കൊല്ലത്താണ് ജോലിചെയ്യുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ചിലർ സത്കാരത്തിനെത്തിയിരുന്നു. അവരും പ്രദേശവാസികളായ ചിലരും തമ്മില്ലുളള തർക്കമാണ് സംഘർഷത്തിലെത്തിയത്.

വിവാഹ സത്കാരത്തോടനുബന്ധിച്ചുളള ആഘോഷങ്ങൾ റോഡിലേക്ക് നീങ്ങുകയും തൽഫലമായി ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തു. ഇത് പ്രദേശവാസികളിൽ ചിലർ ചോദ്യംചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും ഇതിനിടയിൽ പെട്ടുപോയ രഞ്ജിത്തിന് മർദ്ദനമേൽക്കുകയുമായിരുന്നു. തലയ്ക്കടിയേറ്റ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ 30ന് വൈകിട്ടോടെ രഞ്ജിത് മരിക്കുകയായിരുന്നു. സംഘർഷമുണ്ടായതിന്റെ അന്നുതന്നെ പ്രതികൾക്കെതിരെ വധശ്രമത്തിനുൾപ്പടെ പൊലീസ് കേസെടുത്തിരുന്നു.

രഞ്ജിത് മരിച്ചതോടെ വരന്റെ പിതാവ് ഉൾപ്പടെയുളള നാലുപേരെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തു. ഇവർ റിമാർഡിലാണ്. ശേഷിക്കുന്ന പ്രതികൾക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.