ee

ചൂടുകാലമായാൽ ഏവരെയും അസ്വസ്ഥരാക്കുന്ന ഒരു പ്രശ്‌നമാണ് ചൂട് കുരുവും വിയർപ്പ് നാറ്റവും. അതുകൊണ്ടു തന്നെ സുഹൃത്തുക്കളോട് അടുത്തിടപഴകാനും പൊതുവേദികളിൽ പങ്കെടുക്കാനും പലർക്കും മടി തോന്നും. ജോലിക്ക് പോകുന്നവർക്കാണ് ഇത് ഏറെ പ്രശ്‌നമാകുന്നത്. രാവിലെ വീട്ടുജോലികൾ കഴിഞ്ഞു ഓടിക്കിതച്ചാവും മിക്കപ്പോഴും ഓഫീസിലെത്തുക. അപ്പോഴേയ്‌ക്കും ശരീരം വിയർത്ത് കുളിച്ചിരിക്കും.

ഈ വിയർപ്പ് ശരീരത്തിലും വസ്ത്രത്തിലും പറ്റിപ്പിടിച്ചിരുന്ന് ദുർഗന്ധമുണ്ടാക്കും. ഇതിന് പരിഹാരം നാം കണ്ടെത്തേണ്ടിയിരിക്കുന്നു. വിയർപ്പിന് സാധാരണ ഗതിയിൽ ദുർഗന്ധമുണ്ടാകാറില്ല. വിയർപ്പിനോടൊപ്പം ബാക്‌ടീരിയ പ്രവർത്തിക്കുന്നതാണ് ദുർഗന്ധത്തിന് കാരണമാകുന്നത്. ഈ ബാക്‌ടീരിയകളെ പൂർണമായി നശിപ്പിക്കാൻ നമുക്ക് സാധിക്കില്ല. എങ്കിലും ഇതിന്റെ പ്രവർത്തനങ്ങളെ കുറച്ചൊക്കെ നിയന്ത്രിക്കാൻ കഴിയും.

വേനൽചൂട് കൂടുതലാകുമ്പോൾ സ്വാഭാവികമായും ശരീരം വിയർക്കും. ചിലരിൽ വിയർപ്പിന്റെ അളവ് കൂടിയിരിക്കും. ശരീരം മുഴുവൻ വിയർപ്പുണ്ടാകാമെങ്കിലും കക്ഷം, കൈമടക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് സാധാരണ ഗതിയിൽ ദുർഗന്ധമുണ്ടാകുന്നത്. വിയർപ്പ് വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച് അൽപ്പനേരം കഴിയുമ്പോഴാണ് ബാക്‌ടീരിയ പ്രവർത്തിച്ച് തുടങ്ങുന്നത്. വിയർപ്പ് പറ്റിയ വസ്ത്രം വേഗം ഉണങ്ങുകയാണെങ്കിൽ ദുർഗന്ധം കുറവായിരിക്കും. ബാക്‌ടീരിയകളെ ഒഴിവാക്കാൻ ശുചിത്വം പാലിക്കുകയാണ് വേണ്ടത്. നല്ലപോലെ കുളിക്കുകയാണ് വേണ്ടത്. വേനൽകാലത്ത് ചൂട് വെള്ളത്തിൽ കുളിക്കുന്നത് ആരോഗ്യകരമല്ല. ദിവസവും ഒരു പ്രാവശ്യമെങ്കിലും തണുത്തവെള്ളത്തിൽ കുളിക്കുന്നത് ഉത്തമമാണ്. കുളി കഴിഞ്ഞാലുടൻ നല്ല ടാൽക്കം പൗ‌ഡർ ശരീരത്തിൽ വിതറുക. ദുർഗന്ധം അകറ്റി നല്ല വാസന ഉളവാക്കുന്ന പെർഫ്യൂമുകളോ ബോഡി സ്‌പ്രേകളോ ഉപയോഗിക്കുക. ഡിയോഡറന്റ് ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് വിയർപ്പിനെ ഒരു പരിധിവരെ തടഞ്ഞു നിർത്തും. എന്നാൽ സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഒട്ടും യോജിച്ചതല്ല.

വേനൽക്കാലത്ത് ദിവസവും വസ്ത്രം മാറേണ്ടതാണ്. അടിവസ്ത്രങ്ങൾ ദിവസവും രണ്ടുതവണ മാറിയാൽ നന്ന്. കൂടുതൽ ഇറുകിയ വസ്ത്രങ്ങൾ ഉപയോഗിക്കാതെ അയവുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലത്. പോളിസ്റ്റർ, നൈലോൺ തുടങ്ങിയ വസ്ത്രങ്ങൾ ചൂടുകാലത്ത് ഒഴിവാക്കുന്നത് നന്ന്. പകരം കോട്ടൺ വസ്ത്രങ്ങളാണ് ഉത്തമം. ശരീരത്തിലെ അനാവശ്യരോമങ്ങൾ ഒഴിവാക്കുന്നത് ബാക്‌ടീരിയയുടെ ശല്യത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. ഇത്തരം ബാഹ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടും ദുർഗന്ധം ഉണ്ടാകുന്നെങ്കിൽ അത് നമ്മുടെ ഭക്ഷണക്രമത്തിന്റെ കുഴപ്പമാണ്. ഉള്ളി, വെളുത്തുള്ളി, മസാലകൾ ഇവയുടെ അമിതോപയോഗം നിയന്ത്രിക്കണം. നിത്യവും കുളിക്കുന്നതിന് മുമ്പ് കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കണം. മനസിന് കൂടുതൽ ടെൻഷനുണ്ടാകാതെ ശാന്തനായിരിക്കാൻ ശ്രമിക്കുക. ജോലിസ്ഥലത്തേക്ക് ഓടിപ്പിടച്ച് പോകാതെ നേരത്തെ തന്നെ വീട്ടിൽ നിന്നും പുറപ്പെടണം.

വായ് നാറ്റമാണ് ദുർഗന്ധമുണ്ടാക്കുന്ന മറ്റൊരു വസ്‌തു. പലരും ഇതിനെപ്പറ്റി അത്രബോധവാന്മാരല്ല. ഭക്ഷണസാധനങ്ങൾ പല്ലുകൾക്കിടയിൽ അവശേഷിക്കുന്നതാണ് വായ് നാറ്റത്തിന് കാരണം. ആഹാരത്തിന് ശേഷം വായ് വൃത്തിയായി കഴുകാത്തതാണിതിന് കാരണമാകുന്നത്. പല്ലുകൾക്കിടയിൽ അവശേഷിക്കുന്ന ഭക്ഷണ സാധനങ്ങളിൽ ബാക്‌ടീരിയ പ്രവർത്തിച്ച് പല്ലുകൾക്ക് കേടുണ്ടാക്കുന്നു. ആഹാരത്തിന് ശേഷം വായ് വൃത്തിയാക്കുന്ന ശീലം ചെറുപ്പം മുതൽ ഉണ്ടാക്കിയെടുക്കണം. അല്ലാത്തപക്ഷം പ്രശ്‌നം കൂടുതൽ രൂക്ഷമാകും. രാവിലെ എഴുന്നേറ്റാലുടനെയും രാത്രി കിടക്കുന്നതിന് മുമ്പും പേസ്റ്റ് ഉപയോഗിച്ച് നന്നായി ബ്രഷ് ചെയ്യണം.

പഴങ്ങളും സാല‌ുകളും കൂടുതൽ കഴിക്കുന്നത് പല്ലിന് ആരോഗ്യം നൽകും. ഇവ പല്ലുകളിൽ ശുചീകരണ വസ്തുക്കളായി പ്രവർത്തിക്കും. എന്നാൽ ഉള്ളി, വെളുത്തുള്ളി, പുകയില ഇവയെല്ലാം അപകടകാരികളാണ്. വായ് നാറ്റം ഉണ്ടാക്കുന്ന ഇത്തരം വസ്‌തുക്കൾ ഒഴിവാക്കുന്നതാണ് നല്ലത്. സുഗന്ധദ്രവ്യങ്ങൾ, പാക്ക് ഇവയൊക്കെ വായ് നാറ്റം അകറ്റാൻ സഹായിക്കും. മുടി വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നതും ദുർഗന്ധത്തിന് കാരണമാകും. ചൂടുകാലത്ത് മുടിയിൽ അഴുക്ക് പിടിച്ചിരിക്കാൻ കൂടുതൽ സാദ്ധ്യതയുണ്ട്. അതിനാൽ ദിവസവും മുടി വൃത്തിയായി കഴുകണം.

വേനൽക്കാലത്ത് ഷൂവും സോക്‌സും ഉപയോഗിക്കുന്നതിലും ശ്രദ്ധിക്കണം. സോക്‌സ് ദിവസവും കഴുകി ഉണക്കി ഉപയോഗിച്ചില്ലെങ്കിൽ ദുർഗന്ധമുണ്ടാകും. പ്രത്യേകിച്ച് നൈലോൺ സോക്‌സുകൾ ഉപയോഗിക്കുമ്പോൾ. അതിനാൽ ചൂടു കാലത്ത് സോക്‌സിന്റെ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം കൊച്ചുകൊച്ചു മുൻകരുതലുകളെടുത്താൽ വിയർപ്പുനാറ്റമെന്ന ശത്രുവിൽ നിന്ന് നമുക്ക് രക്ഷനേടാം. ബാക്‌ടീരിയകളെ ചെറുത്തുനിൽക്കാനുള്ള ഏറ്റവും നല്ല ആയുധം ശുചിത്വമാണ്. നല്ല സോപ്പും വെള്ളവും ഉപയോഗിച്ച് ദിവസവും കുളിക്കുന്നത് വളരെ ഗുണം ചെയ്യും. കുളിക്കുന്നതിന് മുമ്പ് കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാനും ശ്രദ്ധിക്കണം.