antigen

തിരുവനന്തപുരം: കൊവിഡ് രോഗം കണ്ടെത്തുന്നതിനായി കൃത്യതയില്ലെങ്കിലും ആന്റിജൻ ടെസ്റ്റിനെ സർക്കാർ ആശ്രയിക്കുന്നത് വേഗത്തിൽ ഫലം ലഭിക്കുമെന്നതിനാൽ. അതിനാൽ തന്നെ ആന്റിജൻ ടെസ്റ്റുമായി സർക്കാർ മുന്നോട്ട് പോകും. തിരഞ്ഞെടുപ്പ് കൂടി അടുത്ത് വരുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കാനായില്ലെന്ന പഴി കേൾക്കുമെന്നതിനാൽ സർക്കാർ നിലപാടിൽ ഒട്ടും മാറ്റം വരുത്തിയേക്കില്ല. സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവായ കേസുകളിൽ 62.6 ശതമാനവും കണ്ടെത്തിയതും ആന്റിജൻ പരിശോധനയിലൂടെയാണ്. മാത്രമല്ല,​ സംസ്ഥാനത്ത് ആകെ നടത്തുന്ന മൊത്തം പരിശോധനകളിൽ 66 ശതമാനവും ആന്റിജൻ പരിശോധനകളാണ്.

ആർ.ടി.പി.സി.ആർ പരിശോധനയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 10.9% ആണെങ്കിൽ ആന്റിജൻ പരിശോധനയിൽ ടിപിആർ 9.1% ആണ്. ജനുവരി 31 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 27,65,823 ആർ.ടി.പി.സി.ആർ പരിശോധനകളാണ് നടത്തിയത്. ഇതിൽ 3,19,629 പരിശോധനകൾ പോസിറ്റീവായി. അതേസമയം 63,91,264 റാപ്പിഡ് ആന്റിജൻ പരിശോധനകൾ നടത്തിയതിൽ 5,82,593 എണ്ണം പോസിറ്റീവായി. 42,800 സിബിനാറ്റ് പരിശോധനകൾ നടത്തിയതിൽ 3630 എണ്ണവും 3,44,619 ട്രൂനാറ്റ് പരിശോധനകൾ നടത്തിയതിൽ 23,159 എന്നിങ്ങനെയും പോസിറ്റീവായി. സിബിനാറ്റും ട്രൂനാറ്റും ആർ.ടി.പി.സി.ആർ രീതിയിലുള്ള പരിശോധനകളാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

 സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരും

ഇപ്പോൾ പ്രതിദിനം ശരാശരി 55,​000 പരിശോധനകളാണ് നടത്തുന്നത്. വ്യാഴാഴ്ച സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി 87,​007 പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ,​ പ്രതിദിനം ശരാശരി 75,​000 ആർ.ടി.പി.സി.ആർ പരിശോധനകൾ നടത്തണമെങ്കിൽ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എല്ലാ ജില്ലകളിലും ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നടത്താൻ സൗകര്യങ്ങളില്ലാത്തതിനാൽ തന്നെ പരിശോധനാഫലം ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് നീളും. ഇത് രോഗവ്യാപനം ഉയരാൻ ഇടയാക്കുമെന്ന് വിദഗ്ദ്ധർ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു.

ഒരാളുടെ സാമ്പിളിൽ വൈറസ് ഉണ്ടോയെന്ന് കൃത്യമായി കണ്ടെത്തുന്നതിനേക്കാൾ ഒരു വലിയ ജനസമൂഹത്തിൽ അണുബാധയുണ്ടോയെന്ന് ഫലപ്രദമായി കണ്ടെത്തുന്നതിന് വ്യാപകമായ ആന്റിജൻ പരിശോധനയിലൂടെയാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. അതിനാൽ തന്നെ കൊവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന് കൂടുതൽ ഫലപ്രദം ആർ.ടി.പി.സി.ആർ പരിശോധനയേക്കാൾ ആന്റിജൻ പരിശോധനയാണെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.