sou

തലസ്ഥാന നഗരിയിൽ ഐ എഫ് എഫ് കെ യുടെ അരങ്ങു ഉണരുമ്പോൾ ആദ്യം ഉയർന്നുകേൾക്കുന്ന നാമം കിം കി ഡുക്കിന്റെയാണെന്ന് നിസംശയം പറയാം. ഡിസംബറിന്റെ ഓർമയായി മാറിയ കിം കി ഡുക്ക് ഇത്തവണയും കേരളത്തിന്റെ ചലച്ചിത്ര മാമാങ്കത്തിൽ സ്വന്തം സിനിമയിലൂടെ സാന്നിധ്യം അറിയിക്കും. കഴിഞ്ഞ വർഷം സിനിമ എന്ന വിസ്മയ കാഴ്ചയോട് വിട പറഞ്ഞ പ്രിയപ്പെട്ട കലാകാരന്മാരുടെ ഓർമ്മകൾക്ക് ചലച്ചിത്രോത്സവം ആദരാഞ്ജലി അർപ്പിക്കും.ഓരോരുത്തരുടെയും സിനിമകൾ പ്രദർശിപ്പിച്ചു കൊണ്ടാണ് ഹോമേജ് സെക്ഷനിലൂടെ അവർക്ക് ബാഷ്പാഞ്ജലികൾ നേരുക.

ഡുക് ചലച്ചിത്രമേളയ്ക്കും ഒപ്പംകേരളക്കരയ്ക്കും ഏറ്റവും പ്രിയപ്പെട്ട സിനിമാക്കാരനാണ്. ചലച്ചിത്രമേള നടക്കേണ്ടിയിരുന്ന ഡിസംബർ കാലത്ത് തന്നെ അദ്ദേഹത്തിന്റെ വേർപാട് അടയാളപ്പെടുത്തിയതും യാദൃശ്ചികം. ഭാഷകളുടെ അതിർവരമ്പുകൾഭേദിച്ച് ഡുക് സിനിമ ഭാഷ്യങ്ങൾ രചിച്ചപ്പോൾ അദ്ദേഹം ചലച്ചിത്രമേളയ്ക്കും മലയാളികൾക്കും പ്രിയങ്കരനായി. ഇത്തവണത്തെഹോമേജിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും മനോഹര ചിത്രമായ സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ ...സ്പ്രിംഗ് ആണ് പ്രദർശിപ്പിക്കുന്നത്.

ഇന്ത്യൻ ചലച്ചിത്രരംഗത്തെ ശൈശവദശയിൽ നിന്ന് നവീനതയിലേക്ക് കൈപിടിച്ച് നടത്തിയ ഇന്ത്യൻ ചലച്ചിത്രലോകത്തിന്റെ കാരണവർ സത്യജിത്‌ റേ യുടെ പ്രിയപ്പെട്ട നായകൻ സൗമിത്ര ചാറ്റർജിപോയ വർഷത്തിന്റെ വിങ്ങലുള്ള ഓർമ്മയാണ്. അദ്ദേഹത്തിനോടുള്ള ആദരവായി 'ചാരുലത' എന്ന വിഖ്യാത ക്ലാസ്സിക് ചലച്ചിത്ര ആസ്വാദകർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നു. മലയാള സിനിമയിൽ ഒരുപാട് നല്ല സിനിമകൾ ബാക്കിയാക്കി വിടവാങ്ങിയ സംവിധായകൻ സച്ചിയുടെ അയ്യപ്പനുംകോശിയും ഇത്തവണ പ്രദർശിപ്പിക്കുമ്പോൾ അതേ സിനിമയിൽ തന്നെ സി ഐ സതീഷായി അഭിനയ മികവുകൊണ്ട് അമ്പരപ്പിച്ച അനിൽ നെടുമങ്ങാടിന്റെ വേർപാടും ഓർമ്മയാകുന്നു.

ശക്തമായ രാഷ്ട്രീയം പറഞ്ഞ കരിയിലൂടെ സംവിധായകൻ ഷാനവാസ് നവാനിപുഴയെ ഹോമേജിൽ അടയാളപ്പെടുത്തുന്നു. ഒപ്പം ബോളിവുഡിന്റെ ഋഷി കപൂറിന്റെ മുൾക്ക്, മലയാള സിനിമയുടെ വിപ്ലവ സംവിധായകൻ ജോൺ ഏബ്രഹാമിന്റെ വിശ്വ വിഖ്യാതമായ ക്ലാസ്സിക് ചിത്രം അഗ്രഹാരത്തിലെ കഴുത ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ സ്മരണാഞ്ജലിയാകും. ആദ്യമായി ഇന്ത്യയിലേക്ക് ഓസ്‌കാർ കൊണ്ടുവന്ന ഭാനു അത്തയ്യയെ ഓർമിപ്പിച്ചുകൊണ്ട് നഗരിക് ,അർജന്റീനിയൻ സംവിധായകനും തിരക്കഥാകൃത്തുമായ ഫെർണാഡോ സൊളസിന്റെ സർ ,ഇർഫാൻ ഖാന്റെ ഖിസ്സ തുടങ്ങിയ ചിത്രങ്ങൾ ഇത്തവണ ചലച്ചിത്രമേളയുടെ ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളാണ്.

ഐ.എഫ്.എഫ്.കെ മുടങ്ങരുതെന്ന്

നിർബന്ധമുണ്ട്--കമൽ

''ഇങ്ങനെയൊരു മഹാമാരിയുടെ കാലത്ത് ഐ എഫ് എഫ് കെ മുടങ്ങരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ഈ ഒരു വർഷം ചലച്ചിത്രമേള നടന്നില്ലെങ്കിൽ കഴിഞ്ഞ ഒരു വർഷം ഇറങ്ങിയ സിനിമകൾ നമുക്ക് പ്രദർശിപ്പിക്കാൻ സാധിക്കില്ല. മലയാളത്തിൽ ഇറങ്ങിയ സിനിമകളെയും അത് ബാധിക്കും. ഇത്തവണ നടന്നില്ലെങ്കിൽ അടുത്ത വർഷത്തേക്ക് ഈ സിനിമകളെ മാറ്റിവെക്കാൻ സാധിക്കില്ല. അതിൽ പുതിയ സിനിമകളെ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളു. അതുപോലെ ഐ എഫ് എഫ് കെ യുടെ രജത ജൂബിലിയാണ് ഇത്തവണ. അതുകൊണ്ട് ഈ സർക്കാരിന്റെ കാലത്ത് തന്നെ അത് ആഘോഷിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. ഈ മഹാമാരിയുടെ കാലത്ത് പതിനായിരത്തോളം ചലച്ചിത്ര പ്രേമികൾ തിരുവനന്തപുരത്ത് ഒത്തുചേരുന്നത് അപകടമായതുകൊണ്ടാണ് നാലു സ്ഥലങ്ങളായി ഇത്തവണ ഫെസ്റ്റിവൽ നടത്തുന്നത്. '' കമൽ