
തിരുവനന്തപുരം: കൂട്ടസ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ. നിയമനം പി.എസ്.സിക്ക് വിടാത്തസ്ഥാപനങ്ങളിലെ വേറൊരുതൊഴിലിന് പോകാൻകഴിയാത്ത 10വർഷം കഴിഞ്ഞ തൊഴിലാളികളെയാണ് സ്ഥിരപ്പെടുത്തുന്നത്. ഈ പ്രശ്നത്തെ മാനുഷികമായി കാണണമെന്നും ഉമ്മൻ ചാണ്ടിയുടെ കാലത്ത് താൽക്കാലിക നിയമം ലഭിച്ചവരെയും സ്ഥിരപ്പെടുത്തുന്നുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാനപ്രസിഡന്റ് എ എ റഹിം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളം അപമാനഭാരത്താൽ തല കുനിക്കുന്ന പ്രസ്താവനയാണ് കെ സുധാകരൻ നടത്തിയതെന്നും റഹീം വിമർശിച്ചു. എഐസിസിയോ കെപിസിസിയോ തിരുത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, തിരുത്താൻ ശ്രമിച്ച ഒരു ജനപ്രതിനിധിയെ കോൺഗ്രസിലെ ഗഡാഗഡിയൻമാർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സുധാകരനെ ഇന്നലെ തളളിപ്പറഞ്ഞ രമേശ് ചെന്നിത്തല ഇന്ന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി. സുധാകരന്റെ പിന്നിലുളള ആർഎസ്എസിനെ കണ്ടാണ് രമേശ് ചെന്നിത്തല പിൻമാറിയതെന്നും നിലപാട് ഇല്ലാത്ത നേതാവാണ് ചെന്നിത്തലയെന്നും റഹീം പറഞ്ഞു.
മുല്ലപ്പളളിക്ക് സുധാകരനെ പേടിയാണ്. ചെത്തുകാരന്റെ മകൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ അയോഗ്യനാണോയെന്ന് മുല്ലപ്പളളി പറയണം. രാഹുൽ ഗാന്ധി വരെ അറിഞ്ഞിട്ടും തിരുത്താൻ നേതാക്കൾ തയ്യാറാകുന്നില്ല. എ കെ ആന്റണിക്ക് നാവേയില്ലെന്നും ഉമ്മൻ ചാണ്ടി ഈ വിഷയം അറിഞ്ഞിട്ട് പോലുമില്ലെന്നും റഹീം പരിഹസിച്ചു.
യൂത്ത് ലീഗ് ഫണ്ട് വെട്ടിപ്പ് സംഘമായി മാറി. ഫണ്ട് ശേഖരത്തിന്റെ കണക്ക് പുറത്തുവിടുകയും
സമഗ്രമായ അന്വേഷണം നടത്തുകയും വേണം. യൂത്ത് ലീഗ് നേതാക്കളുടെ സ്വത്ത് അന്വേഷിക്കണമെന്നു പറഞ്ഞ റഹീം കെ എം ഷാജിയുടെ ഇഞ്ചി തോട്ടത്തിൽ യൂത്ത് ലീഗിന് കൃഷിയുണ്ടോയെന്ന് വ്യക്തമാക്കണമെന്നും വിമർശിച്ചു.