
മലയാളികളുടെ പ്രിയതാരമാണ് ശാലിനി, തമിഴ്സൂപ്പർ സ്റ്റാർ അജിത്തുമായുള്ള വിവാഹശേഷം താരജീവിതത്തിൽ നിന്നും ഏറെ അകലെയായിരുന്നു ശാലിനി, ശാലിനിയുടെ  വിശേഷങ്ങൾ അത്രയധികം പിന്നീട് കേട്ടിട്ടുമില്ല.സിനിമയിൽ വീണ്ടും അഭിനയിക്കാത്തതിനെക്കുറിച്ച്,  കുടുംബത്തെക്കുറിച്ച് ശാലിനി ഒരിടവേളയ്ക്കുശേഷംവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...
കേരളത്തിന്റെ 'മാമാട്ടിക്കുട്ടിയമ്മ"യായി 1983ൽ അരങ്ങേറ്റം കുറിച്ച് 1983 മുതൽ 1990 വരെ 'കുഞ്ഞു സൂപ്പർ സ്റ്റാറാ"യി മാറിയ നടിയാണ്  'ബേബി ശാലിനി" എന്ന ശാലിനി. കുസൃതികൾ കാട്ടിയും കളങ്കമില്ലാതെ ചിരിച്ചും കരഞ്ഞും നമ്മുടെ വീട്ടുമുറ്റത്ത് കളിച്ചുനടന്ന  കൊച്ചുകുട്ടിയായാണ് ശാലിനിയെ മലയാളികൾ കണ്ടത്. ബേബി ശാലിനി ശാലിനിയായിപ്പോഴും മലയാളികൾക്കിടയിൽ വീട്ടിലെ  കുട്ടിയെന്ന ഇമേജ് നടിയ്ക്ക് കിട്ടിയിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും മികച്ച ചിത്രങ്ങൾ ഈ നായികയെ തേടിയെത്തിയിരുന്നു. തെന്നിന്ത്യൻ സൂപ്പർതാരം  അജിത്തിനെ വിവാഹം ചെയ്തതിനെ തുടർന്ന് തന്റെ അഭിനയജീവിതത്തിന് വിരാമമിട്ട്  തികച്ചും ഒരു കുടുംബിനിയായി ശാലിനി മാറി. ശാലിനിയുടെ ഈ തീരുമാനം അവരുടെ ആരാധകരുടെ മനസിനെ വല്ലാതെ നോവിച്ചു എങ്കിലും  തന്റെ  തീരുമാനത്തിൽ തന്നെ ശാലിനി ഉറച്ചുനിന്നു. അഭിനയ ജീവിതത്തിൽ നിന്ന് വിട വാങ്ങിയെങ്കിലും തമിഴ് സിനിമാപ്രേമികളുടെ പ്രിയ നായകന്മാരിൽ ഒരാളായ 'തല"അജിത്തിന്റെ പ്രിയപത്നിയായും അനോഷ്ക, ആദ്വിക് എന്ന രണ്ട് മക്കളുടെ അമ്മയായും ശാലിനി ഇന്നും ആരാധകരുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ്.
അജിത് - ശാലിനി ദാമ്പത്യ
ജീവിതത്തിന്റെ വിജയരഹസ്യം
''അജിത്തുമായുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയേക്കാൾ കൂടുതൽ പരിഗണന ജീവിതത്തിന് നൽകണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ്  അഭിനയം നിറുത്താമെന്ന് തീരുമാനിച്ചത്. സിനിമ ഉപേക്ഷിച്ചതിൽ എനിക്ക് നഷ്ടബോധമില്ല . കാരണം ഉത്തരവാദിത്വബോധമുള്ള ഒരു ഭാര്യയായി, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക്  സിനിമയിൽ നിന്ന് കിട്ടിയതിനേക്കാൾ സന്തോഷവും സംതൃപ്തിയും നൽകിയിട്ടുണ്ട്. വീണ്ടും സിനിമയിൽ  സജീവമാവാൻ  സാദ്ധ്യതയുണ്ടോ എന്ന ചോദ്യം ഞങ്ങളുടെ വിവാഹശേഷം  ഉയരുന്ന ചോദ്യങ്ങളിൽ ഒന്നാണ്. എന്നാൽ അത് സാദ്ധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം  അത് വളരെ ബുദ്ധിമുട്ടുള്ള  കാര്യമാണ്. സ്ഥിരമായ ഒരു സ്ഥലത്തല്ലാതെ പല സ്ഥലങ്ങളിലായി  ജോലി ചെയ്യുന്ന ഭർത്താവ്, സ്കൂളിൽ പോകുന്ന രണ്ട് കുഞ്ഞുങ്ങളും ഇവരെയെല്ലാം ശ്രദ്ധിക്കുന്ന കാര്യത്തിൽ നിന്നകന്നുനിന്നുകൊണ്ട് കാമറയുടെ മുൻപിൽ അഭിനയിക്കാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. പല നടിമാരും വിവാഹശേഷവും മക്കൾ ജനിച്ചശേഷവും സിനിമയിലേക്ക് തിരിച്ചുവന്നിട്ടുമുണ്ട്. അതെല്ലാം വിജയകരമായിട്ടുമുണ്ട് . അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെക്കൊണ്ട് അത് സാദ്ധ്യമാകുമെന്ന പ്രതീക്ഷയില്ല. കാരണം വീണ്ടും സിനിമയിലേക്ക് വരികയാണെങ്കിൽ അത് സന്തോഷകരമായും, സംതൃപ്തിയോടെയും പോകുന്ന  കുടുംബജീവിതത്തെ ബാധിക്കാൻ ഇടയുണ്ട്.
നിങ്ങളുടെ വിജയകരമായ ദാമ്പത്യജീവിതത്തിന്റെ രഹസ്യം എന്താണെന്ന്  കുറേ പേർ എന്നോട് ചോദിക്കാറുണ്ട്. മിക്ക കുടുംബങ്ങളിലും, 'നീ എന്റെ ഭാര്യയാണ്, അതിനാൽ ഞാൻ പറയുന്നതെന്തും നീ അനുസരിക്കണം" എന്നു പറയുന്ന ഭർത്താക്കന്മാരാണ് ഉള്ളത്. എന്നാൽ ഞങ്ങൾ അത്തരക്കാരല്ല. എന്തു കാര്യമുണ്ടായാലും പരസ്പരം തുറന്നു സംസാരിക്കുന്നവരാണ്. ഞങ്ങൾക്കിടയിൽ രഹസ്യങ്ങളില്ല. ചെറുതോ, വലുതോ എന്തു പ്രശ്നമാണെങ്കിലും അത് പരസ്പരം തുറന്നു പറയുന്നതിലൂടെ തീർക്കാൻ സാധിക്കും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

'വാഴ് വാഴവിടു" അതാണ് ആ രഹസ്യം
പരസ്പരം ബഹുമാനം കൊടുക്കുന്നവരാണ് അജിത്തും ഞാനും. അജിത് എപ്പോഴും പറയും എന്റെ പോളിസി 'വാഴ് വാഴവിടു "(ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ) എന്നതാണെന്ന്. ആ പോളിസിയെ ഞാനും ഫോളോ ചെയ്യുന്നു. അതല്ലാതെ എന്റെ  ഇഷ്ടങ്ങൾക്കോ ആഗ്രഹങ്ങൾക്കോ അജിത്ത് ഒരിക്കലും എതിരു പറയാറില്ല. അതുപോലെ തന്നെയാണ് ഞാനും. ഉദാഹരണം അജിത്തിന്  സിനിമയെക്കാൾ താത്പര്യം ബൈക്ക് റേസ്, കാർ റേസ്, എൻജിൻ സെറ്റ് ചെയ്ത് റിമോട്ട് കൺട്രോൾ ഉപയോഗിച്ചു മിനിയേച്ചർ വിമാനങ്ങൾ പറത്തുകയുമൊക്കെയാണ്. കാർ റേസ്, ബൈക്ക് റേസെല്ലാം ഒരുപാട് റിസ്ക് ഉള്ളവയാണ്. എന്നാൽ പോലും ഞാൻ അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾക്ക് എതിരായി ഒന്നും പറയാറോ, പ്രവർത്തിക്കാറോ ഇല്ല. ചെന്നൈയ്ക്ക് അടുത്ത് മധുരാന്തകം എന്ന സ്ഥലത്ത് ഒരു എയ്റോ മോഡലിംഗ്  ക്ളബ് ഉണ്ട്. മിക്ക ഒഴിവുദിവസങ്ങളിലും അജിത്ത് അവിടെപ്പോയി സമയം ചെലവഴിക്കുന്നുണ്ട്. അടുത്തയിടെ ചെന്നൈയിലെ ഒരു എൻജിനിയറിംഗ് കോളേജിൽ സർപ്രൈസ്  വിസിറ്റ് കൊടുത്ത് അവിടെയുള്ള  എൻജിനിയറിംഗ് സ്റ്റുഡൻസിന് എയ്റോനോട്ടിക്സുമായി ബന്ധപ്പെട്ട ടിപ്സ് നൽകി അവരെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. ഇതുപോലെ തന്നെ കുടുംബകാര്യങ്ങളിലും കുട്ടികളുടെ കാര്യത്തിലും തുടങ്ങി  എല്ലാത്തിലും അജിത്ത് പ്രത്യേകം ശ്രദ്ധവയ്ക്കാറുണ്ട്.  മക്കൾ പഠിക്കുന്ന സ്കൂളിലെ  പരിപാടികളിൽ പങ്കെടുക്കാൻ അജിത് താത്പര്യം കാണിക്കാറുണ്ട്. പൊതുവേ അജിത്ത് പൊതുപരിപാടികളും മറ്റും ചടങ്ങുകളും ഒഴിവാക്കാറാണ് പതിവ്. ഇതിനു കാരണം നമ്മളാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവരുതെന്ന അജിത്തിന്റെ പോളിസിയാണ്.

കാർ റേസറായ അജിത്ത്
അജിത് ഞങ്ങളുടെ കാര്യത്തിൽ മാത്രമല്ല, മറ്റുള്ളവരുടെ കാര്യത്തിലും  ഏറെ  ശ്രദ്ധ കൊടുക്കുന്ന  വ്യക്തിയാണ്. അജിത്ത് ഒരു കാർ റേസർ ആണെങ്കിൽ കൂടി എല്ലാ നിയമങ്ങളും അനുസരിച്ചു വളരെ കെയർഫുൾ ആയേ  ഓടിക്കാറുള്ളൂ. എപ്പോഴും കാർ ഓടിക്കുമ്പോൾ അജിത് പറയും നമ്മൾ റോഡിൽ വരുന്ന മറ്റുള്ള യാത്രക്കാരുടെ സുരക്ഷിതത്വം കൂടി നോക്കണമെന്ന്. നമ്മൾ ചെയ്യുന്ന ഒന്നും മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കരുതെന്ന് അജിത്ത് എപ്പോഴും പറയും. ഈ  കെയറിംഗ് അജിത്തിന്റെ ഗുണങ്ങളിൽ ഞാൻ ഇഷ്ടപ്പെടുന്ന ഒന്നാണ്. സിനിമയിലും ഈ  പോളിസിയെ ഫോളോ ചെയ്യുന്ന ആളാണ് അജിത്.
ബാഡ്മിന്റനോടും സ്നേഹം
ബാഡ്മിന്റൺ വളരെ യാദൃച്ഛികമായാണ്  എന്റെ  ജീവിതത്തിലേക്ക് കടന്നുവന്നത്. ചെന്നൈയിലെ  കോട്ടൂർപുരം എന്ന സ്ഥലത്ത് അജിത്  ഫ്രണ്ട്സിനൊപ്പം ബാഡ്മിന്റൺ കളിക്കാൻ പോകാറുണ്ട്. അനോഷ്ക ജനിക്കുന്നതിനും മുമ്പാണ് ഇത്. വീട്ടിൽ തനിച്ചിരുന്നു ബോറടിക്കേണ്ട എന്നു പറഞ്ഞ് എന്നെയും കൂടെ കൂട്ടും. ഒരു ദിവസം അജിത്തിന്റെ നിർബന്ധത്തിനു വഴങ്ങി  ഞാനും കോർട്ടിലിറങ്ങി. അതായിരുന്നു എന്റെ ബാഡ്മിന്റണിലെ ആദ്യത്തെ എക്സ്പീരിയൻസ്. അതിനുശേഷം ഞാനും ബാഡ്മിന്റണിന്റെ അഡിക്ട് ആയി മാറി. ഞാൻ ഒരു കോച്ചിന്റെ സഹായത്തോടെ ബാഡ്മിന്റൺ പരിശീലനം തുടങ്ങി. പിന്നെ പതുക്കെ പതുക്കെ പല ടൂർണമെന്റുകളിലും മത്സരിക്കാൻ തുടങ്ങി. തുടക്കത്തിൽ വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു. എങ്കിലും  വിജയം നേടാൻ തുടങ്ങിയപ്പോൾ ആ  ടെൻഷനുകളെല്ലാം മാഞ്ഞുതുടങ്ങി, എന്റെ ആത്മവിശ്വാസം കൂടി. സ്റ്റേറ്റ് ലെവൽ ചാമ്പ്യൻഷിപ്പ്  കരസ്ഥമാക്കാൻ കഴിഞ്ഞു.

ചെന്നൈയിൽ ആണെങ്കിലും
ഞാൻ മലയാളി തന്നെ
വിവാഹശേഷം ചെന്നൈയിലെ തിരുവാൺമിയൂർ എന്ന സ്ഥലത്ത് സ്ഥിരതാമസമായതിനാൽ കേരളത്തോടുള്ള ബന്ധം വിട്ടുപോയോ എന്ന് പലരും ചോദിക്കാറുണ്ട്. എന്റെ അച്ഛൻ, അമ്മ, ചേട്ടൻ റിച്ചാർഡ്, അനിയത്തി ശ്യാമിലി  എല്ലാവരും ചെന്നൈയിൽ തന്നെയാണ് . കേരളത്തിലെ ബന്ധുക്കളുടെ  വിശേഷങ്ങളിൽ  പങ്കെടുക്കാൻ ഞങ്ങൾ വരാറുണ്ട്. ഞാൻ ചെന്നൈയിൽ സെറ്റിലായി എങ്കിലും ഒരു മലയാളി എന്ന നിലയ്ക്ക് കേരളത്തിന്റെ തനതു ആഘോഷങ്ങളായ ഓണം, വിഷു, റംസാൻ, ബക്രീദ്, ക്രിസ്മസ് തുടങ്ങി  എല്ലാം  കൊണ്ടാടാറുണ്ട്. തമിഴ്നാട്ടിന്റെ ആഘോഷങ്ങളായ ദീപാവലി, പൊങ്കൽ തുടങ്ങിയവയും  ആഘോഷിക്കും.
പൂക്കളമിടും, സദ്യയൊരുക്കും
കുട്ടിക്കാലത്തെ  ഓണാഘോഷത്തെപ്പറ്റി ഞാൻ ഇന്നും ഓർക്കാറുണ്ട്. ഇപ്പോൾ  ഇവിടെയും ഞങ്ങൾ ഓണക്കാലത്ത് പൂക്കളമിട്ടും  സദ്യയൊരുക്കിയും ഫ്രണ്ട്സിന്റെ വീട്ടിൽ പോയും ഒക്കെ  ആഘോഷിക്കാറുണ്ട്. ഓരോ ആഘോഷവേളകളിലും മലയാള സിനിമകളിലെ   പ്രിയപ്പെട്ട സഹപ്രവർത്തകർ എന്നെ വിളിച്ച് ആശംസകൾ അറിയിക്കാറുണ്ട്. ചെന്നൈയിലും എനിക്ക് ഒരുപാട് മലയാളി സുഹൃത്തുക്കളുണ്ട്. അവരും എനിക്ക് ആശംസ അറിയിക്കാറുണ്ട്. ഞാൻ തിരിച്ചും ആശംസകൾ പറയാറുണ്ട്. അതുകൊണ്ട് ഓണം എന്നു മാത്രമല്ല ഏതു ആഘോഷമായാലും അതിൽ ഞാനും പങ്കുചേരും.