
മുംബയ്: മുഖ്യ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് നടപ്പുവർഷത്തെ (2020-21) അവസാന ധനനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാലു ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 3.35 ശതമാനത്തിലും തുടരും. അതായത് ഭവന, വാഹന, വ്യക്തിഗത വായ്‌പാപലിശ മാറ്റമില്ലാതെ തുടരും.നാണയപ്പെരുപ്പം നിയന്ത്രണരേഖയായ നാലു ശതമാനത്തിനുള്ളിൽ തിരിച്ചെത്തിക്കുന്നത് ലക്ഷ്യമിട്ടാണ് നിരക്കുകൾ നിലനിറുത്തിയത്. 2021-22ൽ ഇന്ത്യ 10.5 ശതമാനം വളരുമെന്നാണ് പ്രതീക്ഷയെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.പലിശഭാരം കുറച്ചില്ലെങ്കിലും സർക്കാർ കടപ്പത്രങ്ങളിൽ റീട്ടെയിൽ നിക്ഷേപകരെ പങ്കെടുപ്പിക്കുന്നത് ഉൾപ്പെടെ വിപണിയിൽ പണലഭ്യത വർദ്ധിപ്പിക്കാൻ ഒട്ടേറെ 'ശ്രദ്ധേയ" നടപടികൾ റിസർവ് ബാങ്ക് ഇന്നലെ പ്രഖ്യാപിച്ചു.