rbi

കൊച്ചി: പ്രതീക്ഷിച്ചതുപോലെ പലിശഭാരം കുറച്ചില്ലെങ്കിലും വിപണിയിൽ പണലഭ്യത കൂട്ടാനും ഉപഭോക്തൃ വിപണിക്ക് ഉണർവേകാനുമുള്ള ഒട്ടേറെ നടപടികൾ റിസർവ് ബാങ്കിന്റെ ഇന്നലത്തെ ധനനയത്തിൽ കാണാം. കൊവിഡ് പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്‌ജറ്റിൽ പൊതുവിപണിയിൽ നിന്ന് സർക്കാർ 12 ലക്ഷം കോടി രൂപ കടമെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സർക്കാരിന്റെ കടമെടുപ്പ് സുഗമമാക്കാനും അതുവഴി വിപണിയിൽ പണലഭ്യത വർദ്ധിപ്പിക്കാനുമുള്ള നടപടികളാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. സർക്കാരിന്റെ കൈവശം പണമെത്തുമ്പോൾ ക്ഷേമ, വികസന പദ്ധതികളിലൂടെ വിപണിയിൽ പണമൊഴുകും. ഇന്ന്, സമ്പദ്‌വളർച്ചയ്ക്ക് നേട്ടമാകും.

റീട്ടെയിൽ ഡയറക്‌ട്

സർക്കാർ കടപ്പത്രങ്ങളിൽ (ഗവൺമെന്റ് സെക്യൂരിറ്റീസ് അഥവാ ജി-സെക്) റീട്ടെയിൽ നിക്ഷേപകർക്കും (വ്യക്തികൾ) നേരിട്ട് നിക്ഷേപിക്കാവുന്ന റീട്ടെയിൽ ഡയറക്‌ട് അക്കൗണ്ടിന് റിസർവ് ബാങ്ക് തുടക്കമിടും. ഉയർന്ന റിട്ടേൺ (ലാഭം) കിട്ടുമെന്നതിനാൽ നിക്ഷേപകർക്കും ഇത് നേട്ടമാകും. ഈ സൗകര്യം റീട്ടെയിൽ നിക്ഷേപകർക്കും ലഭ്യമാക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറും.

ടി.എൽ.ടി.ആർ.ഒ ഇനി

ബാങ്കിതര സ്ഥാപനങ്ങൾക്കും

കടപ്പത്രങ്ങൾ ഈടുവാങ്ങി റിസർവ് ബാങ്ക് നടത്തുന്ന ടാർജറ്റഡ് ലോംഗ് ടേം റിപ്പോ ഓപ്പറേഷനിൽ (ടി.എൽ.ടി.ആർ.ഒ) ബാങകിതര ധനകാര്യ സ്ഥാപനങ്ങളെയും (എൻ.ബി.എഫ്.സി) ഉൾപ്പെടുത്തും. ബാങ്കുകളാകും ഇതുവഴി എൻ.ബി.എഫ്.സികൾക്ക് പണം ലഭ്യമാക്കുക.

ഒരു രാജ്യം, ഒരു ഓംബുഡ്‌സ്മാൻ

ബാങ്കിംഗ്, എൻ.ബി.എഫ്.സി., ഡിജിറ്റൽ പേമെന്റ് എന്നിവയ്ക്കായി മൂന്ന് ഓംബുഡ്‌സ്മാൻ സ്കീം നിലവിലുണ്ട്. ഉപഭോക്തൃസൗകര്യാർത്ഥം ഇവ സമന്വയിപ്പിച്ച് ഒന്നാക്കും. ഒരു രാജ്യം, ഒരു ഓംബുഡ്‌സ്മാൻ എന്നതാണ് ലക്ഷ്യം.

മറ്റ് പ്രഖ്യാപനങ്ങൾ

 ഡിജിറ്റൽ പേമെന്റുകൾക്ക് 24x7 ഹെൽപ്‌ലൈൻ സംവിധാനം കൊണ്ടുവരും

 ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുറംകരാർ നൽകും.

 കൊവിഡ് കാലത്ത് മൂന്നു ശതമാനമായി കുറച്ച കരുതൽ ധന അനുപാതം (സി.ആർ.ആർ) ഈവർഷം മേയോടെ രണ്ടുഘട്ടങ്ങളിലായി നാലു ശതമാനമായി പുനഃസ്ഥാപിക്കും.

 എസ്.എൽ.ആർ പരിധി മൂന്നു ശതമാനമാക്കിയ നടപടി സെപ്‌തംബർ വരെ നീട്ടി. ഇതുവഴി 1.53 ലക്ഷം കോടി രൂപ വിപണിയിലേക്ക്.

 പുതിയ എം.എസ്.എം.ഇ ഇടപാടുകാർക്ക് ഇളവുകളോടെ 25 ലക്ഷം രൂപവരെ വായ്‌പ ലഭ്യമാക്കും.

 ബാങ്കുകൾ, എൻ.ബി.എഫ്.സികൾ എന്നിവയ്ക്ക് സമാനമായ നിയന്ത്രണ ചട്ടക്കൂട്ട് മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കും കൊണ്ടുവരും.

 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളെ ശക്തിപ്പെടുത്താനുള്ള നടപടികൾക്കായി വിദഗ്ദ്ധ സമിതി രൂപീകരിക്കും

 പി.എം.സി ബാങ്കിന്റെ പുനരുജ്ജീവനത്തിന് മൂന്ന് പ്രൊപ്പോസലുകൾ ലഭിച്ചു; ഇവയിന്മേൽ ചർച്ച നടക്കുന്നു

 ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി പ്രാരംഭഘട്ടത്തിൽ. വൈകാതെ പുറത്തിറക്കും.

 ബാഡ് ബാങ്ക് (കിട്ടാക്കടം തരണം ചെയ്യാനുള്ള അസറ്റ് റീകൺസ്‌ട്രക്‌ഷൻ കമ്പനി - എ.ആർ.സി) രൂപീകരിക്കും. ഇതിന് സർക്കാരിന്റെ അന്തിമാനുമതിക്കായി കാക്കുന്നു.

 ഇന്റർനാഷണൽ ഫിനാൻസ് സർവീസ് സെന്ററുകളിലേക്ക് (ഐ.എഫ്.എസ്.എസി) ഇനി തദ്ദേശീയർക്കും പണമയയ്ക്കാം.

''കൊവിഡ് പ്രതിസന്ധികളിൽ നിന്ന് കരകയരാൻ സർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ച നടപടികൾ ഫലം കാണുന്നുണ്ട്. മുന്നോട്ട് പോകുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇനി ഒരു ദിശയേയുള്ളൂ, അത് വളർച്ചയിലേക്കാണ്""

ശക്തികാന്തദാസ്,

ഗവർണർ, റിസർവ് ബാങ്ക്