cricket

ചെന്നൈ: തന്റെ നൂറാം ക്രിക്ക‌റ്റ് ടെസ്‌റ്റിലും സെഞ്ചുറി നേടിയ നായകൻ ജോ റൂട്ടിന്റെ ബലത്തിൽ ഇന്ത്യ-ഇംഗ്ളണ്ട് ഒന്നാംടെസ്‌റ്റിലെ ഒന്നാംദിനം ഇംഗ്ളണ്ടിന് മേൽക്കൈ. ആദ്യദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ളണ്ട് 3 വിക്ക‌റ്റ് നഷ്‌ടത്തിൽ 263 റൺസ് എന്ന നിലയിലാണ്. ഓപ്പണർ ഡോൺ സിബ്‌ലി( 286 പന്തിൽ 87)യോടൊത്ത് 200 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ റൂട്ട് കളി അവസാനിക്കുമ്പോൾ 197 പന്തിൽ 128 റൺസോടെ പുറത്താകാതെ നിൽക്കുകയാണ്. 14 ഫോറുകളും ഒരു സിക്‌സും അടങ്ങിയതായിരുന്നു റൂട്ടിന്റെ ഇന്നിംഗ്സ്. ഒപ്പം നിന്ന സിബ്‌ലി 12 ബൗണ്ടറികൾ നേടി.

ടോസ് നേടി ബാ‌റ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ളണ്ടിന്റെ തുടക്കം മികച്ചതായിരുന്നു. ഡോൺ സിബ്‌ലിക്കൊപ്പം ഓപ്പൺ ചെയ്‌ത റോറി ബേൺസ് മികച്ച രീതിയിൽ സ്‌കോർ കണ്ടെത്തി. സ്‌കോർ 63ൽ നിൽക്കെ ബേൺസ് അശ്വിന്റെ പന്തിൽ കീപ്പർ ഋഷഭ് പന്തിന്റെ കൈയിൽ ക്യാച്ച് നൽകി മടങ്ങി. തുടർന്ന് എത്തിയ ഡാൻ ലോറൻസിനെ ഉടൻ തന്നെ വിക്കറ്റിന് മുന്നിൽ കുരുക്കി ബുംറ മടക്കി. എന്നാൽ തുടർന്നെത്തിയ നായകൻ റൂട്ട് തന്റെ പ്രതിഭയുടെ മികച്ച പ്രകടനം തന്നെ ഇന്ന് എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ പുറത്തെടുത്തു. കരിയറിലെ ഇരുപതാം സെഞ്ചുറിയാണ് റൂട്ട് ഇന്ന് നേടിയത്. ശ്രീലങ്കൻ പര്യടനത്തിലും മികച്ച ഫോമിലായിരുന്നു ജോ റൂട്ടിന്റെ പ്രകടനം. ബേൺസ് ബുംറയുടെ പന്തിൽ വിക്ക‌റ്റിന് മുന്നിൽ കുടുങ്ങിയതോടെ ഇന്നത്തെ കളി അവസാനിച്ചു.